തിരുവനന്തപുരം: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും എടുക്കുമെന്നു നോർക്ക. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുവൈത്ത് സർക്കാർ പരമാവധി സഹകരണം നൽകുന്നുണ്ട്. ഒന്‍പത് ഇന്ത്യക്കാർ അത്യാസന്ന നിലയിൽ ആശുപത്രിയിലുണ്ട്.
‘‘നോർക്കയ്ക്കു രണ്ട് ഹെൽപ്പ് ഡെസ്കുകളാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ നോർക്കയുടെ ഗ്ലോബൽ കോൺടാക്റ്റ് സെന്ററിലെ ഹെൽപ്പ് ഡെസ്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നു. നോർക്കയുടെ ടോൾ ഫ്രീ നമ്പരാണിത്. കുവൈത്തിൽ വിവിധ അസോസിയേഷനുകളുടെ സഹായത്തോടെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. ഈ രണ്ടു ഡെസ്കുകളും വിവരം പരസ്പരം കൈമാറുന്നു.
എട്ടോളം പേർ കുവൈത്തിലെ ഹെൽപ്പ് ഡെസ്കിലുണ്ട്. ഇവർ മോർച്ചറിയിലും, ആശുപത്രിയിലും മറ്റു സ്ഥലങ്ങളിലും പ്രവർത്തിക്കുന്നു. ഒന്‍പതോളംപേർ അത്യാസന്ന നിലയിൽ ആശുപത്രിയിലുണ്ട്. ചിലർ ആശുപത്രിയിൽ ചികിൽസയിലാണ്. ചിലർ ആശുപത്രിവിട്ടു. മരിച്ചവരുടെ മൃതശരീരം കമ്പനിയാണ് തിരിച്ചറിയേണ്ടത്’’– നോർക്ക സിഇഒ പറഞ്ഞു.
‘‘കമ്പനി തിരച്ചറിഞ്ഞാലേ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കൂ. ഇതിന്റെ പ്രവർത്തനങ്ങൾ ഇന്ന് കുവൈത്തിൽ ആരംഭിക്കും. നടപടികൾ പൂർത്തിയാകാൻ കുറഞ്ഞത് രണ്ടു ദിവസമെടുക്കും. ഇടയ്ക്ക് അവധി വരുന്നുണ്ട്. കുവൈത്ത് സർക്കാർ പരമാവധി സഹകരിക്കുന്നുണ്ട്.
കേന്ദ്രസർക്കാരുമായി സഹകരിച്ച് നോർക്ക പ്രവർത്തിക്കുന്നു. എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നു. പരുക്കേറ്റവരെ നാട്ടിലെത്തിക്കുന്ന കാര്യം സർക്കാർ ചർച്ച ചെയ്തു തീരുമാനിക്കും’’–നോർക്ക സിഇഒ പറഞ്ഞു.
തൊഴിലാളികളെ പാർപ്പിച്ചിരുന്ന ആറുനിലക്കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 49 പേരാണു മരിച്ചത്. മരിച്ചവരിൽ നിരവധി മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. ചികിത്സയിലുള്ള 35 പേരിൽ 9 പേരുടെ നില ഗുരുതരമാണ്. തെക്കൻ കുവൈത്തിൽ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളികൾ പാർക്കുന്ന മേഖലയിലാണ് തീപിടിത്തമുണ്ടായ കെട്ടിടം.





