ബുറൈദ: അൽ ഖസീമിലെ വിളഞ്ഞു നിൽക്കുന്ന മുന്തിരിതോട്ടം മലയാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്ചര്യവും അനുഭൂതിയുമാകുന്നു. ബുറൈദയിൽനിന്ന് 100 കിലോമീറ്റേറാളം അകലെ ഹാഇൽ റോഡിന് വലതുവശത്തായി പരന്നുകിടക്കുന്ന മുന്തിരിപ്പാടങ്ങൾ സന്ദർശകരുടെ പറുദീസയായി മാറുകയാണ്. ഹായിലിലേക്ക് നീളുന്ന ഹൈവേയുടെ വലതു വശത്തായി കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന “മസറാത് ആലിയതുൽ ഖസീം” എന്ന മുന്തിരിപ്പാടം സന്ദർശകർക്ക് ദൃശ്യവിരുന്നൊരുക്കുകയും ചെയ്യുന്നുണ്ട്. മറ്റു വികസിത രാജ്യങ്ങളിലെ കൃഷിഫാമുകളിലെ ‘ഫാം ടൂറിസം’ മാതൃക പിൻപറ്റി വിനോദസഞ്ചാര കേന്ദ്രം കൂടിയായി ഇത് മാറിയിരിക്കുയാണെന്ന് സന്ദർശകർ സാക്ഷ്യപ്പെടുത്തുന്നു.
15 റിയാൽ നൽകിയാൽ മണിക്കൂറുകളോളം തോട്ടത്തിൽ ചെലവഴിക്കാനും തോട്ട അധികൃതരിൽനിന്ന് പഴക്കൂട വാങ്ങി നിറയെ മുന്തിരി ശേഖരിക്കാനും അനുവദിക്കുമെന്നന്നതാണ് പ്രധാന ആകർഷണം. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ സന്ദർശനം അനുഭൂതിദായകമായി മാറുന്നു. കാർഷികവിളകൾക്ക് വിപണി വിലയെക്കാൾ മൂല്യം ലഭിക്കുമെന്നത് ഈ രീതിയുടെ പ്രധാന പ്രത്യേകതയാണ്. വിളവെടുപ്പ് കാലമായതിനാൽ ദിനേന നൂറുകണക്കിന് സന്ദർശകരാണ് തോട്ടത്തിൽ എത്തിച്ചേരുന്നതെന്ന് അധികൃതർ പറഞ്ഞു. കൃഷിയുടെ പ്രാധാന്യവും മഹത്ത്വവും പുതുതലമുറക്ക് പകർന്നുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പ്രത്യേകിച്ചൊരു നിഷ്കർഷയും കൂടാതെ ഇവിടെ സന്ദർശകരെ അനുവദിക്കുന്നതെന്ന് തോട്ടം ചുമതലക്കാരനായ സ്വദേശി പൗരൻ മുഹമ്മദ് അൽഹുവയ്മലി പറയുന്നു.
ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് മുന്തിരി വിളവെടുപ്പ്. ‘ഇനബ് മഹർജാൻ’ മുന്തിരിമേള ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും മുഹമ്മദ് അൽഹുവയ്മലി കൂട്ടിച്ചേർത്തു. പ്രസിദ്ധമായ ഇനബ് മഹർജാനിൽ (മുന്തിരി ഫെസ്റ്റിവൽ) പങ്കെടുക്കാൻ ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്താറുള്ളത്. ബുറൈദ മേഖലയിൽ ആകെ ഉത്സവ പ്രതീതി സൃഷ്ടിക്കുന്നതാണ് ഫെസ്റ്റിവൽ. ബുറൈദയിൽനിന്ന് 110 കിലോമീറ്റർ അകലെയുള്ള സുലൈബിയ്യയിലാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന മുന്തിരി ഫെസ്റ്റിവൽ നടക്കുക. അൽഖസീം ഗവർണറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഒരോ വർഷവും ഈ മേള സംഘടിപ്പിക്കുന്നത്. ഇവിടെനിന്നും 30 കിലോമീറ്റർ അകലെയുള്ള സുലൈബിയയിലാണ് സ്ഥലത്തെ അമീറിൻറ മേൽനോട്ടത്തിൽ അഞ്ചുദിവസം നീളുന്ന മുന്തിരി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കൃഷിക്കാർക്ക് വേണ്ടത്ര അംഗീകാരം ലഭ്യമാവാനും പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിപ്പിക്കാനുതകുന്ന നടപടികൾക്ക് ആക്കം കൂട്ടാനുമെല്ലാം ഫെസ്റ്റിവൽ ഉപകാരപ്പെടാറുണ്ടെന്ന് തോട്ടം സന്ദർശനത്തിനെത്തിയ സ്വദേശികൾ പറഞ്ഞു. കാർഷിക വിളകളാൽ സമൃദ്ധമായ ഈ പ്രദേശത്തേക്ക് കൂടുതൽ ജനശ്രദ്ധയാകർഷിക്കാനും പുതുതലമുറക്ക് കാർഷിക ബാലപാഠങ്ങൾ പകർന്നുനൽകാനും ഇത്തരം മേളകൾ വളരെയധികം ഉപകരിക്കുെന്നന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.
ബ്ലാക് മാജിക്, ക്രീം സോൺ, ബന്നാത്തി അഹ്മർ, ബന്നാത്തി അഹ്ളർ എന്നീ നാല് മുന്തിരി ഇനങ്ങളാണ് പ്രധാനമായും ഇവിടെ കൃഷിചെയ്യുന്നത്. കിലോമീറ്ററുകൾ വിസ്തൃതിയുള്ള ഈ തോട്ടത്തിൽ വിവിധതരം മുന്തിരി ഇനങ്ങൾക്ക് പുറമെ ശജ്‌റത് ഹോക്ക്, നാരങ്ങ, ചെറുനാരങ്ങ, ഈത്തപ്പഴം തുടങ്ങിയവയും ഇവിടെ നന്നായി വിളവെടുക്കുന്നുണ്ട്. കൂടാതെ പ്രത്യേകമായി തയാർ ചെയ്ത ജലസംഭരണിയിൽ മത്സ്യം വളർത്തലും നടക്കുന്നുണ്ട്. സന്ദർശകർക്ക് കുടുംബസമേതം ഈ തോട്ടത്തിൻറ സൗന്ദര്യം ആസ്വദിക്കാനായി ഒട്ടേറെ സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
ദിവസവും നൂറുകണക്കിന് ആളുകൾ ഇവിടെ കുടുംബസമേതവും അല്ലാതെയും സന്ദർശകരായെത്തുന്നുണ്ട്. തോട്ടത്തിനകത്ത് തയാർ ചെയ്ത ഇരിപ്പിടവും പരവതാനിയും മറ്റു സൗകര്യങ്ങളും സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണ്. ഫോട്ടോയും വീഡിയോയുമെല്ലാം പകർത്താനെത്തുന്നവരും ധാരാളമായുണ്ട്. മസറാതുൽ ആലിയത്തുൽ ഖസീം സന്ദർശിക്കുന്ന ഏതൊരാൾക്കും ദീർഘകാലം മനസ്സിൽ തങ്ങിനിൽക്കുന്ന നല്ലൊരനുഭവം ഈ തോട്ടം സമ്മാനിക്കുക. പരവതാനി വിരിച്ച വിശ്രമസ്ഥലം കൂടാതെ, ഫോട്ടോ, വീഡിയോ എന്നിവ പകർത്താനുള്ള സൗകര്യങ്ങൾ കൂടി അനുവരിച്ചിട്ടുണ്ട്.






