അബുദാബി: ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് യു.എ.ഇ. എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്നാണ് ഏറ്റവും പുതിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്. ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും വിലക്കുണ്ട്.
ഇന്ത്യയിൽ നിനുൾപ്പെടെ ചില രാജ്യങ്ങളിൽ നിന്ന് ജൂലൈ 25 വരെ സർവീസില്ലെന്ന് എമിറേറ്റ്സും 31 വരെ സർവീസില്ലെന്ന് ഇത്തിഹാദും അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് യു.എ.ഇ സിവിൽ ഏവിയേഷൻെറ സ്ഥിരീകരണം. ഇതോടെ, പെരുന്നാൾ കഴിഞ്ഞ് മടങ്ങിയെത്താമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേറ്റു. എന്നാൽ, നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസ, ഇൻവെസ്റ്റർ വിസ എന്നിവയുള്ളവർക്ക് യു.എ.ഇയിൽ വരുന്നതിന് തടസമില്ല.
ഈ രാജ്യങ്ങളിൽ നിന്നുള്ള വിലക്ക് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം വീണ്ടും ഉറപ്പിച്ചാണ് പുതിയ സർക്കുലർ. ഈ രാജ്യങ്ങളിലെ കൊവിഡ് നിരീക്ഷണം യു.എ.ഇ സർക്കാർ തുടരുകയാണെന്നും നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ചായിരിക്കും തുടർ തീരുമാനമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഉസ്ബെകിസ്താൻ, അർമേനിയ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് യു.എ.ഇയിലേക്ക് ഇന്ത്യക്കാർ എത്തുന്നത്. ഖത്തർ ഓൺഅറൈവൽ വിസ അനുവദിച്ചതോടെ ചെറിയൊരു ആശ്വാസം നേരിടുന്നുണ്ട്.




