ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ യാത്രക്കാർ, എയർപോർട്ട് ജീവനക്കാർ, വിമാനത്തിലെ ക്രൂ തുടങ്ങിയവരുടെ സുരക്ഷയെ മുൻനിർത്തിയാണ് പുതിയ തീരുമാനം. വിമാനത്താവളം അടച്ചതിനെ തുടർന്ന്, ഡൽഹി– ദുബായ് ഇൻഡിഗോ വിമാനം യാത്ര മതിയാക്കി ഡൽഹിയിലേക്ക് മടങ്ങുകയാണ്.
ദുബായിൽ നിന്നും തിരിച്ചുമുള്ള തങ്ങളുടെ എല്ലാ സർവീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചെന്ന് എമിറേറ്റ്സ് നേരത്തേ അറിയിച്ചിരുന്നു. ദയവായി യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്നും യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് ഏറ്റവും വലിയ മുൻഗണനയെന്നും എമിറേറ്റ്സ് അറിയിച്ചു.
ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ഇന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് സർവീസുകൾ നടത്തുന്നുണ്ട്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾഡ് സർവീസ് ഇന്നുണ്ടായിരിക്കും. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് 2 ഫ്ലൈറ്റുകളുണ്ടാകും. ഇതിനു പുറമേ കോഴിക്കോട്-ജിദ്ദ-കോഴിക്കോട് ഷെഡ്യൂൾഡ് സർവീസും നടത്തും. നോൺ ഷെഡ്യൂൾഡ് വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ളത് കൊച്ചി-റാസൽഖൈമ-കൊച്ചി റൂട്ടാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന 12 വിമാനങ്ങളും തിരുവനന്തപുരത്തേയ്ക്കുള്ള 9 വിമാനങ്ങളും റദ്ദാക്കി.





