സഊദിയിൽ 53 ശതമാനത്തിലധികം പേർക്ക് കൊവിഡ് വാക്‌സിൻ ലഭ്യമായി

0
616

റിയാദ്: സഊദി ജനസംഖ്യയുടെ 53 ശതമാനത്തിലധികം പേർക്ക് ഇതുവരെ കൊവിഡ് വാക്സിനുകൾ ലഭ്യമായതായി ആരോഗ്യ മന്ത്രാലയം. 2020 ഡിസംബർ 15 ന് വാക്സിനേഷൻ ആരംഭിച്ചതിനുശേഷം 2021 ജൂലൈ 18 വരെ 2.25 കോടി ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞിട്ടുണ്ട്. 70 ശതമാനം ജനങ്ങൾക്കും രണ്ടര മാസത്തിനുള്ളിൽ രണ്ട് ഡോസ് വാക്സിനുകൾ നൽകി രാജ്യം കൊവിഡ് നെതിരെ പ്രതിരോധശേഷി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ദിവസേന നൽകപ്പെടുന്ന 369,000 വാക്‌സിൻ ഡോസുകൾ കണക്കാക്കിയാണ് ഈ സമയ സമയപരിധി.

എന്നാൽ, നിലവിൽ രാജ്യത്തൊട്ടാകെയുള്ള 587 വാക്സിനേഷൻ കേന്ദ്രങ്ങളിലൂടെ പ്രതിദിനം 497,000 വാക്‌സിനുകളാണ് നൽകികൊണ്ടിരിക്കുന്നതെന്നാണ് കണക്കുകൾ. കഴിഞ്ഞ ഡിസംബറിൽ ദേശീയ വാക്സിനേഷൻ കാംപെയിൻ ആരംഭിച്ചപ്പോൾ പ്രതിദിന വാക്സിൻ കുത്തിവെപ്പ് തുടക്കത്തിൽ 40,000 ഡോസായിരുന്നു. എന്നാൽ ഫെബ്രുവരി 25 മുതൽ ഇത് ഇരട്ടിയാക്കി. ഓഗസ്‌റ്റ് 1 മുതൽ ഏതെങ്കിലും സാമൂഹിക, സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, ശാസ്ത്ര, വിനോദ, കായിക പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആർക്കും രോഗപ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള സമയപരിധി അവസാനിക്കുന്നതിനിടയിലാണ് നടപടികൾ വേഗതയിലാക്കിയത്.

മന്ത്രാലയം നിലവിൽ ആസ്ട്രാസെനെക, ഫൈസർ വാക്സിനുകൾ ആണ് കൂടുതലായും വാക്സിൻ സെന്ററുകളിലൂടെ നൽകുന്നത്. അംഗീകാരം നൽകിയ ജോൺസൻ & ജോൺസൺ, മോഡേണ എന്നീ വാക്‌സിനുകൾ രാജ്യത്തിന് പുറത്ത് നിന്ന് വരുന്നവർക്ക് സ്വീകരിക്കാവുന്നതാണ്.

വാക്സിൻ സ്വീകരിച്ച ശേഷവും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ തുടർച്ചയായി സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിൻ അണുബാധ കുറയ്ക്കുന്നതിന് ഇത് ഗണ്യമായ സംഭാവന നൽകുന്നുണ്ടെങ്കിലും ഇത് തടയുന്നില്ല, പ്രത്യേകിച്ചും പുതിയ വേരിയന്റുകളുടെ രൂപത്തിൽ പകർച്ചവ്യാധി ഇപ്പോഴും ഉയർന്നുവരുന്നതിനാൽ പ്രതിരോധ നടപടികൾ ഉപേക്ഷിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്.