നട്ടം തിരിഞ്ഞ് സഊദി പ്രവാസികൾ, മുട്ടുന്ന വാതിലുകൾ അടഞ്ഞു തന്നെ, നമുക്കാരും ഉണ്ടാകില്ലെന്ന തിരിച്ചറിവിൽ പ്രവാസികൾ, ഇനിയുള്ള മാർഗ്ഗം എന്ത്

0
6272

റിയാദ്: സഊദിയിലെ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന “തവക്കൽന” ആപ് അപ്‌ഡേറ്റ് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് നാട്ടിൽ നിന്നും വാക്‌സിൻ എടുത്ത പ്രവാസികൾ. എന്നാൽ, അപ്‌ഡേറ്റ് ചെയ്യാനായി സഊദി ആരോഗ്യ മന്ത്രാലയം നിർദേശിച്ച പ്രകാരം ശ്രമങ്ങൾ നടത്തിയിട്ടും പലർക്കും നിരാശയാകുന്ന മറുപടിയാണ് ലഭിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളി നീക്കുകയാണ് സഊദി പ്രവാസികൾ. മാസങ്ങൾ കഴിഞ്ഞിട്ടും ഇതിൽ വ്യക്തത വരുത്താനോ മാനദണ്ഡങ്ങൾ വ്യക്തമാക്കി തരാനോ എംബസിക്കോ ബന്ധപ്പെട്ട അധികൃതർക്കോ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ സഊദി എംബസി അറ്റസ്റ്റേഷൻ വേണമെന്ന ആവശ്യവുമായി സഊദി ആരോഗ്യ മന്ത്രാലയം അപേക്ഷകൾ വ്യാപകമായി തള്ളിയതോടെ ഇതിനായുള്ള ശ്രമങ്ങളും പ്രവാസികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ, അറ്റസ്റ്റ് ചെയ്തവർക്ക് മറ്റു പല കാരണങ്ങളാലും വീണ്ടും അപേക്ഷ തള്ളിയതും ഇക്കാര്യത്തിൽ അവ്യക്തത തുടരാൻ കാരണമായിരിക്കുകയാണ്.

നാട്ടിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച പ്രവാസികൾക്ക് സഊദിയിലേക്ക് മടങ്ങി വരുമ്പോൾ നിർബന്ധിത ക്വാറന്റൈൻ ഒഴിക്കണമെന്ന ആവശ്യവുമായാണ് പ്രവാസികളിൽ ബഹു ഭൂരിഭാഗവും “തവക്കൽന” അപ്‌ഡേറ്റ് ചെയ്യാൻ ശ്രമിക്കുന്നത്. ഏകദേശം എഴുപതിനായിരത്തോളം രൂപ ഇക്കാര്യത്തിൽ ലാഭിക്കാൻ കഴിയും. ഇതിനായുള്ള ശ്രമങ്ങളാണ് ഇപ്പോൾ പാതി വഴിയിൽ നിൽക്കുന്നത്. ബഹുഭൂരിഭാഗം പ്രവാസികളും അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇതിനിടെ, ചിലവ് കൂടുതലാണെങ്കിലും അടിയന്തിരമായി തിരിച്ചെത്തേണ്ടവർ അപ്‌ഡേറ്റിനു കാത്തിരിക്കാതെ സഊദിയിലേക്ക് ലഭ്യമായ മാർഗ്ഗങ്ങൾ വഴി മടക്ക യാത്രയും തുടങ്ങിയിട്ടുണ്ട്. തവക്കൽന അപ്‌ഡേറ്റ് പിന്നീട് നോക്കാമെന്നാണ് ഇത്തരക്കാർ പറയുന്നത്.

എന്നാൽ ഇത്തരം സഊദി പ്രവാസികൾക്ക് മുന്നിൽ വലിയ ചോദ്യ ചിഹ്നവുമായി നിരവധി കാര്യങ്ങൾ കിടപ്പുണ്ട്. അതിൽ ഏറ്റവും പ്രധാനം സഊദിയിൽ ഓഗസ്റ്റ് മുതൽ തവക്കൽന സ്റ്റാറ്റസ് ഇമ്മ്യൂൺ ആയാൽ മാത്രമേ നിത്യ ജീവിതം തന്നെ മുന്നോട് പോകൂവെന്നതാണ്. കടകളിലേക്കും ഓഫീസുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കും ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാത്തവർക്ക് അടുത്ത മാസം മുതൽ പ്രവേശനം അനുവദിക്കുകയില്ല. ഈ ഘട്ടത്തിൽ നാട്ടിൽ നിന്ന് വാക്‌സിൻ എടുത്തവർ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. ഒന്നുകിൽ എങ്ങനെയെങ്കിലും “തവക്കൽന” അപ്‌ഡേറ്റ് ചെയ്യുക. അതിന് സാധ്യമല്ലെങ്കിൽ വീണ്ടും സഊദിയിൽ നിന്ന് മറ്റൊരു വാക്‌സിൻ സ്വീകരിക്കുക എന്നതാണ് മുന്നിലുള്ള പോംവഴി. എന്നാൽ, തുടർച്ചയായി വാക്‌സിൻ കുത്തിവെപ്പെടുക്കുകയെന്നത് ആരോഗ്യ പരമായി ഒട്ടും സ്വീകാര്യമല്ല. ഇവിടെയാണ്‌ ഇവിടെയാണ്‌ പ്രവാസികൾ ത്രിശങ്കുവിൽ കഴിയുന്നത്.

ഇതേ അവസ്ഥ തന്നെയാണ് ഇന്ത്യയിൽ നിന്നും കൊവാക്സിൻ കുത്തിവെപ്പ് എടുത്തവർക്കും നേരിടേണ്ടി വരിക. ഇത്തരം കുത്തിവെപ്പെടുത്ത് സഊദിയിൽ തിരിച്ചെത്തിയ പ്രവാസികൾ ഇനി സഊദിയിൽ നിന്നും രണ്ടാമത് വീണ്ടും കുത്തിവെപ്പ് എടുക്കേണ്ട ഗുരുതരമായ സ്ഥിതി വിശേഷത്തിലാണ്. സഊദിയിൽ കൊവാക്‌സിന് അംഗീകരിച്ചിട്ടില്ല എന്നതിനാൽ ഇവർക്ക് ഒരിക്കലും തന്നെ തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യുവാനോ അപ്‌ഡേറ്റ് നടക്കാത്തതിനാൽ അടുത്ത മാസം മുതലോ പുറത്തി നടക്കാനോ സാധിക്കില്ല.

ഇന്ത്യൻ സർക്കാരും എംബസിയും അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ വിഷയം വളരെ ഗുരുതരമായി ഉയരുമെന്നത് തീർച്ചയാണ്. പക്ഷെ, ഇത്ര ഗൗരവമേറിയ വിഷയം പ്രവാസികൾ നേരിടുമ്പോഴും വിഷയത്തിൽ പ്രതികരിക്കുവാനോ പരിഹാരം കാണുവാനോ വിദേശ കാര്യ മന്ത്രാലയമോ സർക്കാരോ എംബസിയോ ഇടപെടുന്നില്ലെന്നത് പ്രവാസികളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. നേരിട്ടുള്ള വിമാന സർവ്വീസ് ശ്രമങ്ങൾ നടത്താത്ത സർക്കാർ ഇക്കാര്യത്തിലെങ്കിലും ഒരു പരിഹാര മാർഗ്ഗം കാണാനുള്ള ശ്രമങ്ങൾ തുടങ്ങണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.


“ആഗസ്റ്റ്‌ മുതൽ സഊദിയിൽ പൊതുഗതാതം ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവേശിക്കുന്നതിനു വാക്‌സിനേഷൻ നിർബന്ധം“