കൊല്ലത്ത് സീറ്റുറപ്പിച്ച് മുകേഷ്; പത്തനംതിട്ടയിൽ തോമസ് ഐസക്കിന് പൂർണ പിന്തുണ: പ്രമുഖരെ ഇറക്കും; സിപിഎം സാധ്യത പട്ടിക അറിയാം

0
2007

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥിയായി സിറ്റിങ് എംഎൽഎയും നടനുമായ എം.മുകേഷിന്റെ പേര് നിർദേശിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി കെ.എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് യോഗം. സി.എസ്.സുജാത്, നൗഷാദ് തുടങ്ങിയവരുടെ പേരും മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. നിലവിൽ കൊല്ലം എംഎൽഎയാണ് മുകേഷ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പത്തനംതിട്ടയിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ തോമസ് ഐസക്കിനു പൂർണ പിന്തുണ ലഭിച്ചു. ഐസക്കിന്റെ പേരു മാത്രമാണു സെക്രട്ടേറിയറ്റിൽ ഉയർന്നത്. നാളെ ചേരുന്ന ജില്ലാ കമ്മിറ്റിക്കുശേഷം നിർദേശം സംസ്ഥാന കമ്മിറ്റിക്കു കൈമാറുമെന്നു നേതാക്കൾ അറിയിച്ചു.

21ന് സംസ്ഥാന കമ്മിറ്റി യോഗത്തിലാകും അന്തിമ തീരുമാനം. പൊളിറ്റ്ബ്യൂറോയുടെ അംഗീകാരത്തോടെ 27ന് പട്ടിക പ്രഖ്യാപിക്കും. പത്തനംതിട്ടയിൽ മുൻ മന്ത്രി ടി.എം.തോമസ് ഐസക്കും ആലപ്പുഴയിൽ സിറ്റിങ് എംപി എ.എം.ആരിഫും മത്സരിക്കാനും അതതു ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ തീരുമാനമായിരുന്നു. ഇടുക്കി: ജോയ്സ് ജോർജ്, പാലക്കാട്: എം.സ്വരാജ്, കോഴിക്കോട്: എളമരം കരീം, വടകര: എ.പ്രദീപ് കുമാർ, കണ്ണൂർ: കെ.കെ.ശൈലജ തുടങ്ങിയവരും സീറ്റുറപ്പിച്ചുവെന്നാണ് വിവരം.

മന്ത്രി കെ.രാധാകൃഷ്ണനെ ആലത്തൂരിലും മുൻ മന്ത്രി സി.രവീന്ദ്രനാഥിനെ ചാലക്കുടിയിലും പരിഗണിച്ചെങ്കിലും ഇരുവരും വിമുഖത അറിയിച്ചു. എറണാകുളത്തും ചാലക്കുടിയിലും മലപ്പുറത്തെ 2 മണ്ഡലങ്ങളിലും ഇനിയും വ്യക്തമായ ധാരണയില്ല. ജില്ലാ കമ്മിറ്റികളുടെ ശുപാർശയാകും നിർണായകം. ആറ്റിങ്ങലിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ പേരു പരിഗണിച്ചെങ്കിലും അദ്ദേഹം വിമുഖത പ്രകടിപ്പിച്ചു. നിലവിൽ എംഎൽഎ എന്നതിനൊപ്പം പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനവും വഹിക്കുന്ന ജോയിയുടെ കാര്യത്തിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്തിനെയും പരിഗണിക്കുന്നുണ്ട്.

എറണാകുളത്ത് പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി വേണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ താൽപര്യം. എങ്കിലും മറ്റു ഘടകങ്ങൾ പരിഗണിച്ച് സ്വതന്ത്ര സ്ഥാനാർഥിയെ രംഗത്തിറക്കുന്നതും പരിഗണനയിലാണ്. സി.രവീന്ദ്രനാഥ് പിൻമാറിയതോടെ ചാലക്കുടിയിലെ സ്ഥാനാർഥിയെ നിർദേശിക്കാനുള്ള ചുമതല എറണാകുളം ജില്ലാ കമ്മിറ്റിയുടേതു കൂടിയായി. ചാലക്കുടിയിലെ 4 നിയമസഭാ മണ്ഡലങ്ങൾ എറണാകുളം ജില്ലയിലാണ്.

ആലത്തൂരിൽ കെ.രാധാകൃഷ്ണനൊപ്പം എ.കെ.ബാലന്റെ പേരും പരിഗണിച്ചിരുന്നു. ബാലന്റെ ഭാര്യയായ ഡോ. പി.കെ. ജമീലയ്ക്കൊപ്പമാണ് കഴിഞ്ഞ തവണ മത്സരിച്ച പി.കെ.ബിജുവിനെ വീണ്ടും പരിഗണിക്കുന്നത്. പൊന്നാനിയിൽ കെ.ടി.ജലീൽ എംഎൽഎയും പരിഗണനയിലുണ്ട്. എതിർപക്ഷത്തു നിന്നടക്കമുളള ചിലരെയും ആലോചിക്കുന്നതായാണു വിവരം. മൂന്ന് സീറ്റുകളിലെങ്കിലും വനിതകളെ മത്സരിപ്പിക്കാനാണു പാർട്ടി ശ്രമിക്കുന്നത്. ആലത്തൂരിൽ ജമീലയല്ലെങ്കിൽ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലൊന്നിൽ വനിതാ സ്ഥാനാർഥി വരാൻ സാധ്യതയുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാർത്താകടപ്പാട്: മനോരമ ഓൺലൈൻ