നിര്‍ണായക വിവരം നല്‍കിയത് ഓട്ടോ ഡ്രൈവര്‍; പദ്മകുമാറിന് രണ്ട് കാറുകള്‍, വെള്ളനിറമുള്ള കാര്‍ കണ്ടെത്തി
കൊല്ലം: ഓയൂരില്‍നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മൂന്നുപേരിലേക്ക് അന്വേഷണമെത്തുന്നതിന് ഇടയാക്കിയ വിവരം നല്‍കിയത് കല്ലുവാതുക്കല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍. പോലീസിന് അന്വേഷണത്തിനിടെ ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചു. ഇതു കേന്ദ്രീകരിച്ചായി പിന്നീട് അന്വേഷണം. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതികളെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.
ചാത്തന്നൂര്‍ കേന്ദ്രീകരിച്ചുള്ള ഒരു വ്യക്തിയാണ് ഇതിനു പിന്നിലെന്ന് ആദ്യം സംശയം പറഞ്ഞത് ഈ ഓട്ടോ ഡ്രൈവറാണ്. ഇയാള്‍ക്ക് സ്വിഫ്റ്റ് ഡിസയര്‍ കാറും മറ്റൊരു നില നിറത്തിലുള്ള കാറുമുള്ളതായി ഡ്രൈവര്‍ പോലീസിനോട് വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സ്വിഫ്റ്റ് കാര്‍ വീട്ടില്‍ ഉപേക്ഷിച്ച് നീലക്കാറില്‍ കടന്നതായി വിവരം ലഭിച്ചു.
അതിനിടെ, പ്രതികള്‍ കേരളം വിടാനുള്ള നീക്കം നടത്തുന്നതായി പോലീസ് മനസ്സിലാക്കി. തുടര്‍ന്ന് കൊല്ലത്തുനിന്നുള്ള ഡാന്‍സാഫ് സംഘവും കരുനാഗപ്പള്ളിയില്‍നിന്നുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തെങ്കാശിക്ക് സമീപമുള്ള പുളിയറൈയിലെത്തി ഇവരെ പിടികൂടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പരിശോധിച്ചാണ് പ്രതികളെ പിന്തുടര്‍ന്നത്.
സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് പദ്മകുമാറിന്റേത്. സ്വന്തമായി ബേക്കറിയുണ്ട്. അതില്‍ ജോലിക്കാരുണ്ടെന്നും പദ്മകുമാര്‍ പോവാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. ബേക്കറി ഇന്നും തുറന്നിരുന്നു. നാട്ടുകാര്‍ ഇടപെട്ട് അടപ്പിക്കുകയായിരുന്നു. നാട്ടുകാരുമായി ഇയാള്‍ക്ക് വലിയ ബന്ധങ്ങളില്ലായിരുന്നു. വീടിന് വലിയ ഗേറ്റും മതിലുമുണ്ട്. അതിനാല്‍ത്തന്നെ വീട്ടിലെ കാറിന്റെ കാര്യം അറിഞ്ഞിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ദിവസങ്ങളായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരില്‍ പദ്മകുമാറിന് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബാക്കിയുള്ള രണ്ട് സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നു. എന്‍ജിനീയറിങ് ബിരുദധാരിയാണ് പദ്മകുമാര്‍.
തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് കൊല്ലത്തെ ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്. സംഭവം നടന്ന് അഞ്ചാംനാളാണ് പ്രതികളെ പിടികൂടുന്നത്. മൂന്നുപേരും പോലീസ് നിരീക്ഷണത്തിലായിരുന്നെന്നാണ് വിവരം.
ചാത്തന്നൂരിലെ പദ്മകുമാറിന്റെ വീടിനു മുന്നില്‍ ഒരു സ്വിഫ്റ്റ് ഡിസയര്‍ കാര്‍ നിര്‍ത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ചതെന്ന് പരിശോധിക്കും. കൂടാതെ പദ്മകുമാറിന്റെ വീട്ടിലാണോ അന്ന് രാത്രി കുഞ്ഞ് കഴിഞ്ഞതെന്നതടക്കമുള്ള വിവരങ്ങളും അന്വേഷിക്കും.
കുടുംബത്തിന് ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നഴ്സിങ് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സംഭവത്തിന് പിന്നിലുണ്ടെന്നും നേരത്തേ വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ പദ്മകുമാറോ മകളോ നഴ്സിങ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരല്ല. മകള്‍ മാര്‍ക്കറ്റിങ്ങുമായി ബന്ധപ്പെട്ട കോഴ്സാണ് പഠിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. വീട്ടുമുറ്റത്തുള്ള കാര്‍ പദ്മകുമാറിന്റെ പേരില്‍തന്നെയുള്ളതാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലിൽനിന്നു മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ അടൂർ പൊലീസ് ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികത്തര്‍ക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് സൂചന. നീലനിറത്തിലുള്ള കാർ തെങ്കാശിയിൽനിന്നും വെള്ളക്കാർ പ്രതിയുടെ വീട്ടുമുറ്റത്തുനിന്നാണ് കണ്ടെടുത്തത്.
രേഖാ ചിത്രം ശ്രദ്ധയിൽപ്പെട്ട അയിരൂർ സ്വദേശി സംശയമുള്ള ആളിനെക്കുറിച്ച് പൊലീസിനു വിവരം നൽകിയിരുന്നു. ഈ വിവരങ്ങൾ നിർണായകമായി. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.




