മദീന: ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് മദീന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏറ്റവും പുതിയ ഓപ്പറേഷന്‍സ് സെന്റര്‍ തുറന്നു. ആദ്യ ഘട്ടത്തില്‍ മദീന ഓപ്പറേഷന്‍സ് സെന്ററില്‍ നിന്ന് ആറു പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് ഫ്‌ളൈ നാസ് സര്‍വീസുകള്‍ക്ക് തുടക്കമിട്ടു.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്, ഒമാന്‍, ഇസ്താംബൂള്‍, അങ്കാറ, അബഹ, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് മദീനയില്‍ നിന്ന് ഫ്‌ളൈ നാസ് പുതുതായി സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെ മുതല്‍ മദീനയില്‍ നിന്ന് റിയാദ്, ജിദ്ദ, ദമാം, കയ്‌റോ എന്നിവിടങ്ങളിലേക്ക് ഫ്‌ളൈ നാസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്.
പുതിയ ഓപ്പറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ മദീനയില്‍ നിന്ന് ഫ്‌ളൈ നാസ് സര്‍വീസുകളുള്ള ഡെസ്റ്റിനേഷനുകളുടെ എണ്ണം പത്തായി ഉയര്‍ന്നു. ഇതില്‍ അഞ്ചെണ്ണം അന്താരാഷ്ട്ര സര്‍വീസുകളും അഞ്ചെണ്ണം ആഭ്യന്തര സര്‍വീസുകളാണ്.
വളര്‍ച്ചാ, വികസന പദ്ധതികളുമായും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമുമായും ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രവുമായും ഒത്തുപോകുന്ന നിലക്ക് മദീനയിലെ ഓപ്പറേഷന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തതോടെ സൗദിയില്‍ നാലു ഓപ്പറേഷന്‍സ് സെന്ററുകളുള്ള വിമാന കമ്പനിയായി ഫ്‌ളൈ നാസ് മാറി.
2030 ഓടെ സൗദിയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയും പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും പ്രതിവര്‍ഷം രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം പത്തു കോടിയായും ഉയര്‍ത്താന്‍ ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രം ലക്ഷ്യമിടുന്നു.
വിദേശങ്ങളില്‍ നിന്നുള്ള ഹജ്, ഉംറ തീര്‍ഥാടകര്‍ അടക്കം യാത്രക്കാരില്‍ നിന്നുള്ള വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് മദീന പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ഓപ്പറേഷന്‍സ് സെന്റര്‍ തുറന്നതെന്ന് ഫ്‌ളൈ നാസ് സി.ഇ.ഒയും എം.ഡിയുമായ ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു.
മദീനയില്‍ നിന്ന് വൈകാതെ കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ഫ്‌ളൈ നാസ് ആരംഭിക്കും.




