റിയാദ്: സഊദി തൊഴിൽ വിപണിയുടെ ക്വാളിറ്റി ഉയർത്തൽ ലക്ഷ്യമിട്ട് മാനവശേഷി വികസന തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ പരീക്ഷ പുരോഗമിക്കുന്നു. വിവിധ പ്രൊഫഷനുകളിൽ ഇതുവരെ ഒന്നേകാൽ ലക്ഷം പേർ യോഗ്യത നേടിയതായി സഊദി മാനവ ശേഷി വികസന മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തിൽ സഊദിക്കകത്തെ തൊഴിലാളികൾക്കാണ് പരീക്ഷ നിർബന്ധമാക്കിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
രാജ്യത്തെ തൊഴിൽ വിപണിയിലെ വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ ഉറപ്പു വരുത്തുകയും അതനുസരിച്ച് തൊഴിലാളികൾ യോഗ്യത നേടുകയും ചെയ്തിരിക്കുന്നുവെന്ന് ഉറപ്പു വരുത്തി സഊദി തൊഴിൽ വിപണി കാര്യക്ഷമമാക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
പിന്നീട് രണ്ടാം ഘട്ടത്തിൽ പുതിയ വിസകളിൽ വരുന്നവർക്കും ഇത് നിർബന്ധമാക്കിയിരുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാലു രാജ്യങ്ങളിൽ നിന്നുള്ള 9 പ്രൊഫഷനുകളിലുള്ള തൊഴിലാളികളെയാണ് പരീക്ഷക്കു വിധേയരാക്കുന്നത്.
ഇതിനായി വിവിധ പ്രവിശ്യകളിൽ 50 സെന്ററുകളും വിദേശത്ത് 56 ഔദ്യോഗിക സെന്ററുകളും സ്ഥാപിച്ചിട്ടുണ്ട്. വിദേശ സെന്ററുകളിലൂടെ 23,000 തൊഴിലാളികളാണ് തൊഴിൽ പരീക്ഷ പൂർത്തിയാക്കി യോഗ്യത നേടിയിരിക്കുന്നത്. ഇവരിൽ 6300 പേർ സഊദി തൊഴിൽ മാർക്കറ്റിൽ പ്രവേശിച്ചു കഴിഞ്ഞു.
2021 ലായിരുന്നു വിദേശ തൊഴിലാളികളുടെ യോഗ്യതാ പരീക്ഷകൾ ആരംഭിച്ചത്. സഊദി തൊഴിൽ വിപണിയിലെത്തുന്നതിനു മുമ്പ് തന്നെ തൊഴിലാളികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ സഊദി വിദേശകാര്യ വകുപ്പിന്റെ മേൽനോട്ടത്തിൽ പരിശോധിക്കുന്നതിനുള്ള പ്രോഗ്രാമും ഇതിനകം ആരംഭിച്ചതായും സൗദി മാനവ ശേഷി വികസന മന്ത്രാലയം വ്യക്തമാക്കി.
ഇലക്ട്രീഷ്യൻ, പ്ലംബർ, കാർ ഇലക്ട്രീഷ്യൻ, വാഹന മെക്കാനിക്ക്, റെഫ്രിജറേഷൻ, വെൽഡർ, ബിൽഡിംഗ് കാർപെന്റർ, പെയിന്റർ, കാർ പെയിന്റർ തുടങ്ങിയ പ്രൊഫഷനുകളിലെത്തുന്നവർക്കാണ് പരീക്ഷകൾ നടത്തുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




