Friday, 13 December - 2024

സ്‌പൈസ്ജെറ്റ് ഒരു മാസത്തെ സർവ്വീസ് റദ്ദാക്കി; ഈ സെക്റ്ററിൽ ടിക്കറ്റ് എടുത്തവർ ഇക്കാര്യം ചെയ്യണമെന്ന്

ജിദ്ദ: കോഴിക്കോട് ജിദ്ദ കോഴിക്കോട് സെക്ടറിലെ വിമാന സര്‍വീസ് ഒരു മാസത്തേക്ക് റദ്ദാക്കിയതായി അറിയിച്ച് സ്‌പൈസ്‌ജെറ്റ്. അടുത്ത മാസം രണ്ടു വരെയുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നതായി നേരത്തെ എയര്‍ലൈന്‍ അറിയിച്ചിരുന്നു.

എന്നാല്‍ പുതിയ അപ്‌ഡേറ്റ് അനുസരിച്ച് നവംബര്‍ മുപ്പത് വരെയുള്ള സര്‍വീസുകളും റദ്ദാക്കിയതായി സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കി. കോഴിക്കോട്-ജിദ്ദ, ജിദ്ദ-കോഴിക്കോട് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ടിക്കറ്റ് എടുത്തവർ ട്രാവൽസുമായി ബന്ധപ്പെട്ട് ടിക്കറ്റ് പണം തിരിച്ചു വാങ്ങിക്കുകയോ മറ്റു നടപടികൾ ചെയ്യുകയോ വേണം.

അതേസമയം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്തില്‍ നിന്ന് കോഴിക്കോടേക്കും തിരിച്ചുമുള്ള ബുധനാഴ്ചകളിലെ സര്‍വീസ് വെട്ടിക്കുറച്ചു. നവംബര്‍ മാസത്തില്‍ മാത്രമാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. നവംബറില്‍ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് അടുത്ത ദിവസങ്ങളിലേക്ക് സൗജന്യമായി മാറ്റാവുന്നതാണ്.

ഇതോടെ കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആഴ്ചയില്‍ നാലു ദിവസമായി ചുരുങ്ങും. ചൊവ്വ,ശനി ഒഴികെ ആഴ്ചയില്‍ അഞ്ചു ദിവസമായിരുന്നു നിലവില്‍ സര്‍വീസ്. നവംബര്‍ മുതല്‍ ശനിയാഴ്ചയിലെ അവധി വെള്ളിയാഴ്ചയിലേക്ക് മാറും. ഇതിനൊപ്പം ബുധനാഴ്ച കൂടി ചേരുന്നതോടെ ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാകില്ല.

ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നരക്കിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുറവ് വരുത്തിയത്.

10 കിലോ അധിക ബാഗേജിന് ഒരു ദിനാര്‍ മാത്രമാണ് ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദിനാറാണ് ഈടാക്കുക. ഡിസംബര്‍ 11 വരെ യാത്ര ചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും മാത്രമാണ് ഈ ഓഫറുള്ളത്. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കില്‍ കുറവ് വരുത്തിയതെന്നാണ് സൂചന. ജൂലൈയില്‍ സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്ന് ദിനാര്‍, 10 കിലോക്ക് ആറു ദിനാര്‍, 15 കിലോയ്ക്ക് 12 ദിനാര്‍ എന്നിങ്ങനെ നിരക്ക് കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ചിട്ടുള്ളത്. കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് നിലവില്‍ 30 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമാണ്. തിരികെ 20 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമാണ്.

Most Popular

error: