ജിദ്ദ: ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്ത വാടക കരാറുകൾ 70 ലക്ഷത്തിലേറെയായി ഉയർന്നതായി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി. 58 ലക്ഷത്തിലേറെ പാർപ്പിട വാടക കരാറുകളും 12 ലക്ഷത്തിലേറെ വാണിജ്യ വാടക കരാറുകളുമാണ് നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2018 ലാണ് ഈജാർ നെറ്റ്‌വർക്ക് ആരംഭിച്ചത്. തുടക്കത്തിൽ പാർപ്പിട വാടക കരാറുകൾ രജിസ്റ്റർ ചെയ്യാൻ മാത്രമാണ് ഈജാറിൽ സൗകര്യമുണ്ടായിരുന്നത്. നെറ്റ്‌വർക്ക് വികസിപ്പിച്ചതും സേവനങ്ങൾ മെച്ചപ്പെടുത്തിയതും പുതിയ സവിശേഷതകൾ നിരന്തരം ഉൾപ്പെടുത്തിയതും റിയൽ എസ്റ്റേറ്റ് വാടക മേഖലയിലെ ഉപയോക്താക്കളുടെ വിശ്വാസം വർധിപ്പിക്കാൻ സഹായിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ 3,07,000 ലേറെ വാടക കരാറുകൾ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്തു. ഈജാർ നെറ്റ്‌വർക്ക് സ്ഥാപിച്ച ശേഷം ആദ്യമായാണ് ഇത്രയും വാടക കരാറുകൾ ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്യുന്നത്.
റിയൽ എസ്റ്റേറ്റ് വാടക മേഖല നവീകരിക്കൽ, കാര്യക്ഷമത വർധിപ്പിക്കൽ, വാടക പ്രക്രിയകളും നടപടിക്രമങ്ങളും സുഗമമാക്കൽ, സാമ്പത്തികവും കരാർപരവുമായ ഇടപാടുകളിൽ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവ ഈജാർ നെറ്റ്‌വർക്ക് പ്രോഗ്രാമിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു.
ഇതിലൂടെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനും വാടക പ്രക്രിയ കക്ഷികളുടെ അവകാശങ്ങൾ സംരക്ഷിച്ച് അപകട സാധ്യതകൾ കുറക്കാനും വാടക കരാറുകളുമായി ബന്ധപ്പെട്ട കേസുകൾ കുറക്കാനും സാധിക്കുന്നു.
ഇതിന്റെ ഫലമായി വാടക തർക്കങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ എത്തുന്ന കേസുകൾ 50 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ധന, കരാർ ഇടപാടുകളിൽ വിശ്വാസ്യത വർധിപ്പിച്ചും നടപടിക്രമങ്ങൾ എളുപ്പമാക്കിയും നൂതന ഇലക്‌ട്രോണിക് സേവനങ്ങൾ വൈവിധ്യവൽക്കരിച്ചും വാടക കരാർ കക്ഷികളുടെ അഭിലാഷങ്ങൾ സാക്ഷാൽക്കരിക്കാനും റിയൽ എസ്റ്റേറ്റ് വാടക മേഖല മെച്ചപ്പെടുത്താനും സുരക്ഷിതമായ വാടക സാഹചര്യം സൃഷ്ടിക്കാനും ഈജാർ പ്രോഗ്രാം ലക്ഷ്യമിടുന്നു. പ്രതിമാസ, പാദവാർഷിക, അർധവാർഷിക, വാർഷിക അടിസ്ഥാനത്തിൽ വാടക പെയ്‌മെന്റുകൾ ഷെഡ്യൂൾ ചെയ്യാൻ ഈജാർ നെറ്റ്‌വർക്ക് അവസരമൊരുക്കുന്നു.
ഭൂമി വാടക, എ.ടി.എം സ്ഥാപിച്ച സ്ഥലത്തിനുള്ള വാടക, പെട്രോൾ ബങ്ക് വാടക, മൊബൈൽ ഫോൺ ടവർ സ്ഥാപിച്ച സ്ഥലത്തിന്റെ വാടക, ഹൗസ് ഡ്രൈവർമാർക്കുള്ള മുറിയുടെ വാടക, കാർ പാർക്കിംഗ് വാടക എന്നീ റിയൽ എസ്റ്റേറ്റ് യൂനിറ്റ് വാടകകൾ അടയ്ക്കാനുള്ള സൗകര്യവും ഈജാർ നെറ്റ്‌വർക്കിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.




