ഫോണിൽ ബന്ധപ്പെട്ട് ബാങ്ക് അപ്ഡേറ്റ് ചെയ്യാനായി വിവരങ്ങൾ ആവശ്യപ്പെടും, പിന്നീട് പണം തട്ടും; സഊദിയിൽ 11 അംഗ വൻ തട്ടിപ്പ് സംഘം പിടിയിൽ

0
1183

റിയാദ്: ഫോണിൽ ബന്ധപ്പെട്ട് ബാങ്ക് അപ്ഡേറ്റ് ചെയ്യാനായി വിവരങ്ങൾ ആവശ്യപ്പെട്ട് പണം തട്ടുന്ന വൻ സംഘം സഊദിയിൽ അറസ്റ്റിൽ. പാകിസ്ഥാൻ പൗരന്മാരായ പ്രവാസികളാണ് സാമ്പത്തിക തട്ടിപ്പ് ആരോപണത്തിന്റെ പേരിൽ അറസ്റ്റിലായത്. പാകിസ്ഥാൻ പൗരത്വമുള്ള പ്രവാസികൾ അടങ്ങുന്ന ഒരു ക്രിമിനൽ സംഘത്തിനെതിരെ സാമ്പത്തിക തട്ടിപ്പ് അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി പ്രോസിക്യൂഷൻ അറിയിച്ചു.

ആളുകളെ ടെക്‌സ്‌റ്റ് മെസേജ് സന്ദേശങ്ങൾ അയച്ചും ടെലിഫോണിലൂടെ ആശയവിനിമയം നടത്തിയും അവരുടെ ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ പ്രേരിപ്പിക്കുകയാണ് സംഘം ചെയ്തു വന്നിരുന്നത്. ഇതിനായി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈകലാക്കുകയും അത് ഉപയോഗിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ച് സാമ്പത്തിക തട്ടിപ്പിൽ ഏർപ്പെട്ടതായി അന്വേഷണ നടപടിക്രമങ്ങൾമക്കിടെ ഉദ്യോഗസ്ഥർ കണ്ടെത്തി.

പ്രതികളെ അറസ്റ്റ് ചെയ്യുകയും ബന്ധപ്പെട്ട കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തിരുന്നു. ഇവർക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജറാക്കി. തെളിവുകളുടെ അടിസ്ഥാനത്തിൽ ഓരോരുത്തർക്കും കോടതി ഏഴു വർഷം വീതം തടവും ഇതിന് ശേഷം നാടുകടത്താനും വിധിച്ചു.

എല്ലാത്തരം കുറ്റകൃത്യങ്ങളിൽ നിന്നും പണം തട്ടിയെടുക്കുന്നത് സംരക്ഷിക്കുന്നത് തുടരുമെന്നും ദ്രോഹിക്കാൻ തുനിയുന്നവരെ കോടതിയിൽ ഹാജരാക്കി കടുത്ത ശിക്ഷാ നടപടികൾക്ക് വിധേയമാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

മലയാളി പ്രവാസികൾക്കും പലപ്പോഴായി ഇത് പോലെയുള്ള തട്ടിപ്പ് സംഘത്തിന്റെ കോളുകൾ ലഭിച്ചിരുന്നു. ഇപ്പോഴും പലപ്പോഴായി ഇത്തരം തട്ടിപ്പ് സംഘങ്ങൾ വിലസുന്നുണ്ട്. പണം നഷ്ടപ്പെട്ടതായി ബാങ്കിൽ അറിയിച്ചാൽ പലപ്പോഴും പണം തിരിച്ചു കിട്ടുന്നത് വളരെ ബുദ്ധിമുട്ടാണ്. അതിനായി പല കടമ്പകളും കടക്കേണ്ടിയുണ്ട് വരും. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി ഒരു ബാങ്കും വിവരങ്ങൾ ചോദിച്ചു വിളിക്കുകയില്ലെന്ന സാമാന്യ ബോധം എപ്പോഴും മനസ്സിൽ വെച്ചാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനാകും. അത്യാവശ്യം ആണെന്ന് തോന്നുന്നുവെങ്കിൽ ബ്രാഞ്ചിൽ നേരിട്ട് പോകാവുന്നതുമാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട വരില്ല.