ഗൾഫിൽ നിന്ന് കൊണ്ട് വന്ന മിക്സി ‘ഓണസമ്മാന’മെന്ന്, ‘പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ഉപദ്രവിക്കുന്നെ’ന്ന് ആരോപിച്ച് വലിയ തർക്കവും; ഒടുവിൽ മിക്സി പറ്റിശോധിച്ചപ്പോൾ ഞെട്ടി കസ്റ്റംസ്

0
7146

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മിക്സിക്കുള്ളിൽ സ്വർണവുമായി എത്തിയ യുവാവ് പിടിയിൽ. കൊടുവള്ളി സ്വദേശി മുഹമ്മദാണ് ഇൻഡിഗോ വിമാനത്തിൽ സ്വർണ മിക്സിയുമായി കുവൈത്തിൽ നിന്നെത്തിയത്. ഓണസമ്മാനമായാണ് മിക്സി കൊണ്ടുവന്നതെന്നാണ് യുവാവ് പരിശോധനക്കിടെ കസ്റ്റംസിനോട് പറ‍ഞ്ഞത്. ‘പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ഉപദ്രവിക്കുന്നെന്ന്’ ആരോപിച്ച് വലിയ തർക്കമാണ് കൗണ്ടറിൽ യുവാവ് ഉണ്ടാക്കിയത്.

ചെക്ക് ഇൻ ബാഗേജിന്റെ എക്സ്റേ പരിശോധനക്കിടെയായിരുന്നു പുതിയ മിക്സി കസ്റ്റംസിന്റെ ശ്രദ്ധയിൽപെട്ടത്. നാട്ടിൽ വന്ന് വാങ്ങാൻ സമയമില്ലാത്തതിനാൽ കൊണ്ടുവന്നതാണെന്നാണ് ഇയാൾ പറഞ്ഞത്. സീൽ പൊട്ടിക്കാത്ത മിക്സിയാണെന്നും വേഗം പരിശോധിച്ച് തിരിച്ചുതരണമെന്നും ഇയാൾ കസ്റ്റംസിനോട് ആവശ്യപ്പെട്ടു. എന്നാൽ മിക്സി വിട്ടുനൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.

മുഹമ്മദിനെ അന്ന് പറഞ്ഞുവിട്ട കസ്റ്റംസ്, പരിശോധനക്ക് ശേഷം മിക്സി നൽകാമെന്ന് അറിയിച്ചു. പിന്നീട് മിക്സി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. മിക്സിയുടെ മോട്ടറിൽ ചുറ്റിയിരുന്നത് ചെമ്പ് പൂശിയ സ്വർണക്കമ്പികളായിരുന്നു. 423 ഗ്രാം സ്വർണമാണ് മിക്സിക്കുള്ളിൽ നിന്ന് ലഭിച്ചത്.