ബീയര്‍ നുണഞ്ഞിരിക്കുന്ന അച്ഛനെ അരികില്‍ ഇരുത്തി പതിനൊന്നുകാരന്‍ പറത്തിയ വിമാനം കാടിനുള്ളില്‍ തകര്‍ന്ന് വീണ് ഇരുവരും മരിച്ചു. ബ്രസീലിലാണ് സംഭവം. ഗാരണ്‍ മയയും മകന്‍ ഫ്രാന്‍സിസ്കോ മയയുമാണ് മരിച്ചത്. വിമാനം തകര്‍ന്ന് വീഴുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ഗാരണ്‍ പകര്‍ത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. വിമാനത്തിന്റെ നിയന്ത്രണം മകന് നല്‍കിയ ഗാരണ്‍ വിമാനം എങ്ങനെ പറത്തണമെന്ന് മകന് നിര്‍ദേശം നല്‍കുന്നത് വിഡിയോയില്‍ കാണാം.
നൊവ കോണ്‍ക്വിസ്റ്റയിലെ ഫാമില്‍ നിന്നും പുറപ്പെട്ട ഗാരണ്‍ മകനെ അവന്റെ അമ്മയുടെ അടുത്ത് ആക്കുന്നതിനായി കംപോ ഗ്രാന്‍ഡിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിമാനാപകടം ഉണ്ടായത്. കംപോ ഗ്രാന്‍ഡിലെ സ്കൂളിലാണ് ഫ്രാന്‍സിസ്കൊ പഠിച്ചിരുന്നത്. ഗാരണും മകന്‍ ഫ്രാന്‍സിസ്കൊയും കൊല്ലപ്പെട്ട ദുഃഖം താങ്ങാനാവാതെ സംസ്കാര ചടങ്ങുകള്‍ക്ക് പിന്നാലെ ഗാരണിന്റെ ഭാര്യ അന്ന ജീവനൊടുക്കി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.
ബ്രസീലിലെ നിയമം അനുസരിച്ച് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് വിമാനം പറത്താന്‍ അനുമതിയുള്ളത്. സിവില്‍ ഏവിയേഷന്‍ ഏജന്‍സിയുടെ അംഗീകാരവും നിര്‍ബന്ധമാണ്. ഈ അപകടത്തില്‍ ഇത് ലംഘിക്കപ്പെട്ടുവെന്നും സ്വന്തം ജീവനും മകന്റെ ജീവനും സംരക്ഷിക്കുന്നതില്‍ ഗാരണ്‍ ഗുരുതര വീഴ്ച വരുത്തിയെന്നും അധികൃതര്‍ പറയുന്നു.




