നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമായി തുടരുന്നു

0
2042

മനാമ: തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമായി തുടരുന്നു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ), നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ്, ആഭ്യന്തര മന്ത്രാലയം, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ പരിശോധന നടത്തിയത്.

വ്യാപാര സ്ഥാപനങ്ങള്‍, തൊഴിലാളികള്‍ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധനയില്‍ തൊഴില്‍പരമായ നിയമലംഘനങ്ങള്‍ക്ക് പുറമെ താമസ നിയമലംഘനങ്ങളും കണ്ടെത്തി. നിയമങ്ങള്‍ ലംഘിച്ച ഏതാനും പേരെ പിടികൂടി. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് കര്‍ശനമായ പരിശോധന രാജ്യത്ത് തുടരുമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

രാജ്യത്തെ തൊഴില്‍ മേഖലയിലെ നടപടികള്‍ സുതാര്യമാക്കാനും നിയമപരമായി നിലനിര്‍ത്താനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ സ്വീകരിക്കുന്ന നടപടികളില്‍ പൊതുജനങ്ങളുടെ പിന്തുണയും അധികൃതര്‍ തേടിയിട്ടുണ്ട്.

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ അതോറിറ്റിയുടെ വെബ്‍സൈറ്റായ www.lmra.bhല്‍ നല്‍കിയിട്ടുള്ള ഇലക്ട്രോണിക് ഫോം പൂരിപ്പിച്ചോ അല്ലെങ്കില്‍ 17506055 എന്ന നമ്പറില്‍ കോള്‍ സെന്ററില്‍ വിളിച്ചോ വിവരം അറിയിക്കണമെന്നാണ് നിര്‍ദേശം.