പ്രവാസികളെ എന്നും ചേർത്ത് പിടിച്ച ജനനായകൻ; ആശ്വാസതീരമണഞ്ഞവരിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരും

0
1638

റിയാദ്: ജനകീയ മുഖമായിരുന്ന അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രവാസികൾക്കും പ്രിയങ്കരനായിരുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും നടത്തിയ ഇടപെടലുകൾ എന്നും സ്മരണയോടെ മാത്രമേ പ്രവാസികൾക്ക് ഓർക്കാനാകൂ. വിവിധ വിഷയങ്ങളിൽ അടിയന്തിര ഇടപെടലുകൾ നടത്തിയ ഉമ്മൻ ചാണ്ടി പേഴ്സണൽ സ്റ്റാഫിലെ ഒരാളെ തന്നെ സഊദി മലയാളികൾക്കായി ചുമതലപ്പെടുത്തിയിരുന്നു.

കായംകുളം സ്വദേശി ശിവദാസൻ എന്നയാൾ ഇതിന്റെ ഭാഗമായി ഇടയ്ക്കിടെ സഊദിയിൽ വന്നിരുന്നു. എട്ട് വർഷത്തോളം ഉമ്മൻ ചാണ്ടിയുടെ സഊദിയിലെ ‘സ്ഥിരം പ്രതിനിധി’യായി കഴിഞ്ഞ ശിവദാസൻ നാലുവർഷം മുമ്പാണ് മരിച്ചത്. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞിട്ടും തന്നെ സമീപിക്കുന്ന പ്രവാസികളെ അദ്ദേഹം വെറുതെ തിരിച്ചയക്കാതിരുന്നതിനാൽ സ്റ്റാഫ് അല്ലാതായിട്ടും തന്റെ മരണം വരെ ശിവദാസൻ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. വിവിധ പ്രവാസി പ്രശ്നങ്ങളിൽ ഇടപെടലുകൾ നടത്തിയ ഉമ്മൻചാണ്ടിയുടെ നീക്കങ്ങളിൽ ഏറെ പ്രധാനമായിരുന്നു വിവിധ കേസുകളിൽ സഊദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട 12 മലയാളികളുടെ മോചനം.

വധശിക്ഷയിൽനിന്ന് രക്ഷപ്പെട്ട സക്കീർ ഹുസൈന്റെ കുടുംബത്തോടൊപ്പം ഉമ്മൻ ചാണ്ടി

പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലത്താണ് ഇവർക്ക് ജീവൻ തിരിച്ചു കിട്ടുന്ന രീതിയിൽ ഇടപെടലുകൾ നടത്തിയത്. പ്രവാസി വ്യവസായികളുടെയും മറ്റും സഹായത്തോടെ മോചനദ്രവ്യം സ്വരൂപിച്ച് നൽകിയും ഔദ്യോഗിക ഇടപെടൽ നടത്തിയുമായിരുന്നു ഇത്. കോട്ടയം സ്വദേശി കിഴക്കൻ സഊദിയിലെ ദമാമിൽ കൊല്ലപ്പെട്ട കേസിലാണ് ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധേയമായ ഒരു ഇടപെടൽ. കോട്ടമുറിക്കൽ, ചാലയിൽവീട്ടിൽ തോമസ് മാത്യൂവാണ് കൂടെ താമസിച്ചിരുന്നവരുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ അപ്രതീക്ഷിതമായി കൊല്ലപ്പെട്ടത്.

കൊല്ലം, പള്ളിത്തോട്ടം, ഗാന്ധിനഗർ സ്വദേശി എച്ച്.ആൻ.സി കോമ്പൗണ്ടിൽ താമസിക്കുന്ന സക്കീർ ഹുസൈൻ പ്രതിയായി. വധശിക്ഷയാണ് സഊദി കോടതി വിധിച്ചത്. ശിക്ഷകാത്ത് ഒമ്പതുവർഷം ജയിലിൽ കിടന്നു. ഇതിനിടയിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകാൻ തയാറായി. 15 ലക്ഷം രൂപയുടെ ദിയാധനം (മോചനദ്രവ്യം) വേറെ എവിടെ നിന്നും കിട്ടാതായപ്പോൾ സ്വന്തം സമ്പാദ്യത്തിൽനിന്ന് എടുത്തു നൽകിയാണ് ഉമ്മൻ ചാണ്ടി അയാളെ രക്ഷപ്പെടുത്തിയത്. 2020 ലായിരുന്നു ഇത്.

സമാനമായ മറ്റൊരു കേസിലും ഇതുപോലെ സ്വന്തം കൈയിൽനിന്ന് പണം കൊടുത്ത് മൂന്ന് പേരുടെ ജീവൻ രക്ഷിച്ചു. റിയാദിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ട കേസിലാണ് ഇടപെടൽ നടത്തിയത്. പ്രതികളായിരുന്ന മൂന്നും മലയാളികൾക്കും വധശിക്ഷയായിരുന്നു വിധിച്ചിരുന്നത്. അന്ന് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ കണ്ട് പ്രതികളുടെ കുടുംബങ്ങൾ സഹായം തേടി. അദ്ദേഹം ഇടപെട്ടതോടെ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകാൻ തയാറായി. 50 ലക്ഷം രൂപയായിരുന്നു ദിയാ ധനം. കൈയിലുണ്ടായിരുന്നത് തികയാതെ വന്നപ്പോൾ അടുപ്പമുണ്ടായിരുന്ന ചിലരിൽനിന്ന് കൂടി വാങ്ങിയാണ് അദ്ദേഹം പണം സ്വരൂപിച്ചത്. രണ്ട് കേസുകളിലും റിയാദിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടാണ് ഇടപെട്ടിരുന്നത്.

കൂടാതെ, മുന്നൂറോളം മൃതദേഹങ്ങൾ സഊദിയിൽനിന്ന് നാട്ടിലെത്തിക്കാൻ ആവശ്യമായ ഇടപെടലുകളും ഇദ്ദേഹം നടത്തിയതും പ്രവാസികൾ ഓർത്തെടുക്കുന്നു. വാഹനാപകട കേസുകളിൽ പെട്ട് വൻതുക നഷ്ടപരിഹാരം കൊടുക്കാനില്ലാതെ ജയിലുകളിൽ കിടന്ന നിരവധിയാളുകളെ മോചിപ്പിച്ച് നാട്ടിൽ എത്തിച്ചതും രോഗമോ അപകടമോ മൂലം പ്രവാസത്തിൽ അടിതെറ്റി വീണവർക്കും ഉമ്മൻചാണ്ടി തന്റെ ഇടപെടലുകൾ നടത്തി ആശ്വാസം പകർന്നു.