കൊച്ചി: അധ്യാപകനായിരുന്ന പ്രഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ പ്രമാദമായ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്. മൂന്ന് പ്രതികൾക്ക് മൂന്ന് വർഷം തടവിനും ശിക്ഷവിധിച്ചു.
രണ്ടാം പ്രതി സജൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 9, 11,12 പ്രതികളായ നൗഷാദ്, മൊയ്തീൻകുഞ്ഞ്, അയ്യൂബ് എന്നിവരെ മൂന്നുവർഷം തടവിനും ശിക്ഷിച്ചു.
കേസിൽ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്കെതിരെ ഭീകരപ്രവർത്തനം ഉൾപ്പെടെയുള്ള വകുപ്പുകൾതെളിഞ്ഞതായി വിധി പ്രസ്താവത്തിൽ ജ്ഡ്ജി അനിൽ ഭാസ്‌കർ പറഞ്ഞു. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തയാളാണ് സജൽ. കുറ്റകൃത്യത്തിനു ശേഷം പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരാണ് മൂന്നു പേർ.
കേസിലെ ഒന്നാംപ്രതി പെരുമ്പാവൂർ ഓടയ്ക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്.
ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻ.ഐ.എ കോടതി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നാലാം പ്രതി ഷഫീഖ്, ആറാം പ്രതി അസീസ്, ഏഴാം പ്രതി മുഹമ്മദ് റാഫി, എട്ടാം പ്രതി സുബൈർ, മൻസൂർ എന്നിവരെ തെളിവില്ലെന്നു കണ്ട് കുറ്റവിമുക്തരാക്കിയിരുന്നു. ആദ്യഘട്ട വിചാരണ പൂർത്തിയാക്കി കോടതി 2015 ഏപ്രിൽ 30ന് വിധി പറഞ്ഞിരുന്നു. 31 പ്രതികളിൽ 13 പേരെയാണ് അന്ന് ശിക്ഷിച്ചത്. 18 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ ശിക്ഷാവിധിയാണ് ഇന്നു പ്രഖ്യാപിച്ചത്.




