സഊദിയിൽ മയക്കുമരുന്ന് വേട്ടക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്; മൂന്ന് പേർ അറസ്‌റ്റിൽ

0
2097

റിയാദ്: ഒളിസങ്കേതത്തിൽ നടന്ന മയക്കുമരുന്ന് റെയിഡിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്. അൽ ഖുൻഫുദയിലെ ഒരു ഗുഹയിൽ നടന്ന റെയിഡിനിടെയാണ് സംഭവം. റെയിഡിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. ഖുൻഫുദ ഗവർണറേറ്റിൽ ആംഫെറ്റാമൈൻ മരുന്ന് പ്രചരിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വെടിയുതിർത്തയാളെ ഉൾപ്പെടെ മൂന്ന് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്‌പ്പെടുത്തി.

ആയുധധാരിയുടെ വെടിവെപ്പിനെ പ്രതിരോധിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചു വെടിയുതിർത്തു. പരസ്‌പരം വെടിവയ്പ് നടന്നെങ്കിലും ആളപായമില്ല. പ്രതികളുടെ കൈവശമുണ്ടായിരുന്ന തോക്കുകളും പണവും പിടിച്ചെടുത്തതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും അവരെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തു.

മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ടോ വിതരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവർത്തനങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ഉടൻ അറിയിക്കാൻ സുരക്ഷാ അധികാരികൾ എല്ലാ സഊദി പൗരന്മാരോടും രാജ്യത്തെ താമസക്കാരോടും ആവശ്യപ്പെട്ടു.

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും സഊദി അറേബ്യയുടെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവർ 999 എന്ന നമ്പരിലും ബന്ധപ്പെട്ടാണ് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ (GDNC) 995 എന്ന നമ്പറിലും 995@gdnc.gov.sa എന്ന ഇ-മെയിൽ വഴിയും ഇത്തരം സംഭവങ്ങളെ കുറിച്ച് വിവരം നൽകാം. എല്ലാ റിപ്പോർട്ടുകളും അതീവ രഹസ്യമായി കൈകാര്യം ചെയ്യുമെന്ന് സുരക്ഷാ അധികൃതർ അറിയിച്ചു.