റിയാദ്: മാനസിക രോഗിയായി റിയാദിലെ ബത്ഹയിൽ അലഞ്ഞുനടക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിക്ക് കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകർ തുണയായി.
റിയാദിലെ പ്രമുഖ കമ്പനിയിൽ 30 വർഷത്തോളം ഉയർന്ന തസ്തികയിൽ ജോലി ചെയ്ത തമിഴ്‌നാട് സ്വദേശി യൂസുഫിനാണ് കമ്പനി കേസിൽ കുടുക്കി ഹുറൂബാക്കിയതിനെ തുടർന്ന് ദുരവസ്ഥയുണ്ടായതും ബത്ഹയിൽ അലയേണ്ടിവന്നതും. ഒടുവിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് വൈസ് ചെയർമാൻ മഹ്ബൂബ് ചെറിയവളപ്പ് ഇടപെട്ട് ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് അയച്ചു.
ഉയർന്ന തസ്തികയിൽ ജോലി ചെയ്ത യൂസുഫ് കമ്പനിക്ക് വലിയ ബാധ്യത വരുത്തുകയും വിഷയം സംസാരിച്ചു തീരുമാനമാവാതെ വന്നപ്പോൾ അദ്ദേഹം കമ്പനിയിൽ നിന്ന് മാറി നിൽക്കുകയുമായിരുന്നു.
തുടർന്ന് നാല് ലക്ഷം റിയാൽ യൂസുഫ് നൽകാനുണ്ടെന്ന് പറഞ്ഞ് കമ്പനി കേസ് ഫയൽ ചെയ്യുകയും ഹുറൂബാക്കുകയും ചെയ്തു. കുറച്ച് നാൾ പല സ്ഥലങ്ങളിൽ കഴിഞ്ഞ യൂസുഫിന് മാനസിക നില തെറ്റി ഓർമകൾ നഷ്ടപ്പെട്ടു. അവസാനം ബത്ഹയിലെ ബത്ഹ കൊമേഴ്‌സ് സെന്ററിനടുത്തെ സൂപ്പർമാർക്കറ്റ് പാർക്കിംഗ് ഏരിയയിൽ മുഷിഞ്ഞ വേഷത്തിൽ ജീവിതം തള്ളി നീക്കുകയായിരുന്നു.
ആറ് മാസക്കാലം പലരും അദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ട് വന്നു. അദ്ദേഹത്തിന്റെ അവസ്ഥയും കേസും മറ്റും അറിയുമ്പോൾ അവർ പിൻമാറും. രണ്ട് മാസം മുമ്പ് തമിഴ്‌നാട് സാമൂഹിക പ്രവർത്തകൻ സാദിഖ് ആണ് ഈ വിവരം മഹബൂബിനെ അറിയിച്ചത്. മഹ്ബൂബ് അദ്ദേഹത്തെ നേരിട്ട് കാണുകയും താമസം മാറ്റാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും സാധിച്ചില്ല. ഒരാഴ്ച കഴിഞ്ഞു വന്നപ്പോൾ കണ്ടത് പ്രയാസകരമായ അവസ്ഥയായിരുന്നു.
മലവും മൂത്രവും ഛർദിയുമായി മുഷിഞ്ഞ നിലയിൽ ഗുരുതരമായിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ.
ഉടനെ റെഡ്ക്രസന്റിനെ വിവരം അറിയിച്ചു. അവരെത്തി ആംബുലൻസിൽ കയറ്റി. ഇഖാമ തീർന്നതും ഇൻഷൂറൻസ് ഇല്ലാത്തതും കാരണം സ്വകാര്യആശുപത്രിയിൽ മാത്രമേ ചികിത്സ കിട്ടുകയുള്ളൂ എന്ന് അറിയിച്ചു. ദാറുൽ ശിഫാ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഐ.സി.യുവിൽ അഡ്മിറ്റ് ചെയ്തു. ഒരു മാസം അവിടെ ചികിത്സ തുടർന്നു.
പിന്നീട് മഹബൂബ് കമ്പനിയുമായി ബന്ധപ്പെട്ട് സ്‌പോൺസറെ നേരിട്ട് കണ്ട് അദ്ദേഹത്തിന്റെ അവസ്ഥ വിവരിച്ചുനൽകി. സ്‌പോൺസർ മൻസൂർ കേസ് ഒഴിവാക്കി നൽകാമെന്ന് അറിയിച്ചു. ഒരാഴ്ച കൊണ്ട് കേസ് പിൻവലിച്ചു. ഹുറൂബ് ഒഴിവാക്കാൻ സാധിക്കാത്തത് കൊണ്ട് എക്‌സിറ്റ് അടിക്കാൻ കമ്പനിക്ക് സാധിച്ചില്ല. എംബസിയുമായി ബന്ധപ്പെട്ട് എക്‌സിറ്റ് ലഭിച്ചു. എംബസി ഓഫീസർ അർജുൻ, ശറഫുദ്ദീൻ ഉൾപ്പെടെയുള്ളവരുടെ സഹായം ആശ്വാസമായി. ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയത് റിയാദ് ചെന്നൈ ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് അയച്ചു.




