ഹജ്ജിനായി നടന്നും സൈക്കിളിലും എത്തി 2 മലയാളികൾ; നടന്നെത്താൻ 370 ദിവസം, സൈക്കിളിൽ 8 മാസം 220 ദിവസം

0
1966

മക്ക: വിശുദ്ധ ഹജ്ജിനായി ഇന്ത്യയിൽ നിന്ന് 1,75,025 പേർ വിമാനമാർഗം എത്തിയപ്പോൾ ഹജ് കാൽനടയായും സൈക്കിളിലും എത്തി ഹജ്ജിന്റെ ഭാഗമായ നിർവൃതിയിലാണ് 2 മലയാളികൾ. മലപ്പുറം വളാഞ്ചേരി ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ ഷിഹാബ്, തിരുവനന്തപുരത്തുനിന്ന് സാബിത് എന്നിവരാണ് ആ രണ്ട് മലയാളികൾ. ശിഹാബ് കാൽ നടയായാണ് വിശുദ്ധ ഹജ്ജിന് എത്തിയതെങ്കിൽ സൈക്കിൾ ചവിട്ടി വിവിധ രാജ്യങ്ങൾ താണ്ടിയാണ് സാബിത് തിരുവനന്തപുരത്ത് നിന്ന് മക്കയിൽ എത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലപ്പുറം ആതവനാടിൽ നിന്ന് 2022 ജൂൺ 2 നാണ് കാൽനട യാത്ര തുടങ്ങിയത്. പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് വഴി സഊദി അറേബ്യയിലെ മക്കയിൽ എത്തിയപ്പോഴേക്കും ഷിഹാബ് നടന്നു തീർത്തത് 8640 കിലോമീറ്റർ ആയിരുന്നു. ഒരു വർഷത്തിൽ അധികം കൃത്യം പറഞ്ഞാൽ 370 ദിവസം കൊണ്ടാണ് ഇത്രയും ദൂരം ശിഹാബ് കാൽനടയായി പിന്നിട്ടത്. ആദ്യഘട്ടത്തിൽ പാക്കിസ്ഥാൻ വീസയ്ക്ക് കാലതാമസം നേരിട്ടത് ഒഴിച്ചാൽ കാര്യമായ പ്രതിബന്ധം ഉണ്ടായില്ലെന്ന് ഷിഹാബ് വിവിധ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മാതാവ് സൈനബയും ഹജ് നിർവഹിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് നിന്നുള്ള സാബിത് 7500 കി.മീ സൈക്കിൾ ചവിട്ടിയാണ് മക്കയിൽ എത്തിയത്. 21കാരനായ ഹാഫിസ് സാബിത് തിരുവനന്തപുരത്തു നിന്നു ഒക്ടോബർ 20 നാണ് യാത്ര തിരിച്ചത്. പക്ഷെ, അതിർത്തി കടന്നെത്താൻ പാക്കിസ്ഥാൻ വിസ നിഷേധിച്ചപ്പോൾ സാബിത്തിന് മുംബൈയിൽ നിന്ന് ഒമാനിലെ സലാലയിലേക്കു വിമാനം കയറേണ്ടി വന്നു. പിന്നീട് സലാലയിൽ നിന്നാണ് വീണ്ടും യാത്ര തുടരേണ്ട വന്നത്. അവിടെ നിന്ന് സൈക്കിൾ യാത്ര 8 മാസം 220 ദിവസമെടുത്താണ് മക്കയിലെത്തിയത്.

ഹജ്ജിനുശേഷം ഈജിപ്തിലെ അൽഅസ്ഹർ യൂണിവേഴ്സിറ്റിയിലേക്കു ബിരുദാനന്തര ബിരുദ പഠനത്തിനായി യാത്ര തിരിക്കാനുള്ള ഒരുക്കത്തിലാണ് സാബിത്. മലയാളികൾ മാത്രമല്ല പാക്കിസ്ഥാൻ, ഫ്രാൻസ് തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്ന് കാൽനടയായും സൈക്കിളിലും ചിലർ ഹജ്ജിന് എത്തിയിട്ടുണ്ട്.

പാക്കിസ്ഥാൻ പഞ്ചാബിൽനിന്ന് 5400 കി.മീ ദൂരം സൈക്കിളിൽ സഞ്ചരിച്ച് ഉസ്മാൻ അർഷദും പാരീസിൽനിന്ന് 11 രാജ്യങ്ങളിലൂടെ 57 ദിവസമെടുത്ത് 5000 കി.മീ സഞ്ചരിച്ച് നബീൽ എന്നസരിയും മക്കയിൽ എത്തി ഹജ് നിർവഹിക്കുകയാണ്. ആറ് മാസവും 13 ദിവസവും കൊണ്ടാണ് 5,400 കിലോമീറ്റർ താണ്ടി അർഷാദ് വ്യത്യസ്തമായ യാത്ര നടത്തിയത്. ചൂടുള്ള കാലാവസ്ഥയിൽ നിന്ന് ബലൂചിസ്ഥാനിലെ നല്ല കാലാവസ്ഥയിലേക്കും പിന്നീട് ഇറാനിലെ കൊടും തണുപ്പ് കാലാവസ്ഥയിലേക്കും മാറിയത് തന്റെ നിറം തന്നെ മാറാൻ കാരണമായതായി അർഷദ് പറയുന്നു. യാത്രയിൽ ചില പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്നും ഇറാനിലും യു എ ഇയിലും ഇടക്ക് യാത്ര നിർത്തി വെക്കേണ്ടി വന്നിരുന്നുവെന്നും അർഷദ് പറഞ്ഞു.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക