മക്ക: കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ് വിമാനങ്ങള്‍ ജിദ്ദയിൽ.
ആദ്യമെത്തിയത് കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ്. ഇതിൽ 145 ഹാജിമാരാണ് ഉണ്ടായിരുന്നത്. രാവിലെ അഞ്ച് മണിയോടെ ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിലാണ് ഇവരെത്തിയത്.
ജിദ്ദ ഹജ്ജ് ടെർമിനലിൽ ഹാജിമാരെ സ്വീകരിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ മലയാളി സന്നദ്ധ പ്രവർത്തകരും എത്തിയിരുന്നു.
രാവിലെ 8.10 ഓടെ മക്കയിലെത്തിയ ഹാജിമാരെ നൂറുകണക്കിന് മലയാളി സന്നദ്ധ പ്രവർത്തകർ സ്വീകരിച്ചു. മുസല്ല, കാരക്ക, ലഘു ഭക്ഷണം, കഞ്ഞി തുടങ്ങിയവ നൽകിയാണ് ഹാജിമാരെ സ്വീകരിച്ചത്.
കേരളത്തിലെ ഇരു വിമാനത്താവളങ്ങളിലും മന്ത്രി വി.അബ്ദുറഹിമാനാണ് വിമാനങ്ങളുടെ ഫ്‌ളാഗ് ഓഫ് കർമം നിര്‍വ്വഹിച്ചത്. കരിപ്പൂരില്‍ ഹജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 4.15 നാണ് 145 തീര്‍ത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്. എം.പി മാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവന്‍, ടി.വി ഇബ്‌റാഹീം എം.എല്‍.എ, സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമര്‍ ഫൈസി മുക്കം തുടങ്ങിയവര്‍ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോട് നിന്നും ഇന്ന് രണ്ട് വിമാനങ്ങളാണുള്ളത്. പുലര്‍ച്ചെ 4.25 ന് ഐ.എക്‌സ് 3031 നമ്പര്‍ വിമാനവും രാവിലെ 8.30 ന് ഐ.എക്‌സ് 3021 നമ്പര്‍ വിമാനവും .ഓരോ വിമാനത്തിലും 145 പേര്‍ വീതമാണുള്ളത്.




