2003 ൽ അതിവിശിഷ്ട അധ്യാപക സേവനത്തിനുള്ള അവാർഡ് സഊദി ഇന്ത്യൻ അംബാസിഡർ കമാലുദ്ദീൻ അഹമ്മദിൽ നിന്നും സ്വീകരിച്ചു
ജുബൈൽ: ജുബൈൽ ഇന്ത്യൻ സ്ക്കൂൾ അറബിക്ക് ഡിപ്പാർട്ട്മെൻ്റ് മേധാവി സാറാബായ് സെയ്ഫുദ്ദീൻ മുപ്പത്തഞ്ചു വർഷത്തെ അദ്ധ്യാപക സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും പിരിഞ്ഞു. പൊലിമയാർന്ന ഔദ്യോഗിക ജീവിതത്തിൽ നേട്ടങ്ങളുടെ ഒരു പട്ടിക തന്നെ സ്വന്തമാക്കിയാണ് 35 വർഷത്തെ മികച്ച സേവന ചാരിതാർഥ്യത്തോടെ ജുബൈൽ ഇന്ത്യൻ സ്ക്കൂളിന്റെ സ്വന്തം അദ്ധ്യാപിക സാറാബായ് സെയ്ഫുദ്ദീൻ വിടവാങ്ങുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1987 ൽ സ്ഥാപിതമായ ജുബൈൽ ഇന്ത്യൻ സ്ക്കൂളിൽ തൊട്ടടുത്ത വർഷം തന്നെ 1988 ൽ ടീച്ചർ അദ്ധ്യാപികയായി സ്ക്കൂളിലെത്തിയിരുന്നുവെന്നതാണ് ശ്രദ്ധേയം. തുടക്കകാലമായ അന്ന് പോർട്ടബിൾ ക്യാബിനിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ വെറും 105 വിദ്യാർത്ഥികളും 8 ടീച്ചിംങ് സ്റ്റാഫും 2 നോൺ ടീച്ചിംങ്ങ് സ്റ്റാഫുമായിരുന്നു ഉണ്ടായിരുന്നത്. ടീച്ചർ ഉൾപ്പെടെയുള്ളവർ അക്കാലത്ത് പലതരത്തിലുളള പ്രതിസന്ധികളും പ്രയാസങ്ങളും ഏറെ തരണം ചെയ്യേണ്ടി വന്നിരുന്നു. പിന്നീട് എല്ലാ രംഗത്തും ബഹുമുഖ വളർച്ചയുടെ പടവുകൾ താണ്ടിയ ജുബൈൽ ഇന്ത്യൻ സ്ക്കൂളിന് ഇന്ന് വിവിധങ്ങളായ ബഹുനില കെട്ടിടങ്ങളും ഏഴായിരത്തിലധികം വിദ്യാർത്ഥികളും നാനൂറിലധികം ടീച്ചിംഗ്, നോൺ ടീച്ചിംഗ് സ്റ്റാഫുമുണ്ട്.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രിയപ്പെട്ട അദ്ധ്യാപികയായിരുന്നു സാറാബായ് ടീച്ചർ. പാഠ്യ വിഷയങ്ങളെ പോലെ തന്നെ സ്ക്കൂളിലെ കലാകായിക രംഗങ്ങളിലും ടീച്ചർ സജീവ സാന്നിധ്യമായിരുന്നു. അദ്ധ്യാപനത്തിന് പുറമെ സ്ക്കൂൾ അഡ്മിനിസ്ട്രേറ്റീവ് പദവികളും സേവന കാലത്ത് ടീച്ചർ വഹിച്ചിട്ടുണ്ട്. ആക്ടിംങ്ങ് വൈസ് പ്രിൻസിപ്പൽ, ഇന്റെണൽ സൂപ്പർവൈസർ, അക്കാദമിക്ക് കൗൺസിൽ മെമ്പർ, അഡ്മിഷൻ ഇൻചാർജ്, ഓവറോൾഡിസിപ്ലിൻ ഇൻ ചാർജ്, സി.സി.എ ആക്റ്റിവിറ്റി ഇൻ ചാർജ്, സ്പോർട്സ് മീറ്റ് ഇൻചാർജ്, സ്ക്കൂൾ മാഗസിൻ ഇൻ ചാർജ്, സബ്ജക്ട് കോഡിനേറ്റർ എന്നീ മേഖലകളിലെല്ലാം തൻ്റെ മൂന്നര പതിറ്റാണ്ട് നീണ്ട അദ്ധ്യാപന ജീവിതത്തിനിടയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോൾ പിരിയുമ്പോൾ കൂടെയുള്ള സഹപ്രവർത്തകരിൽ ചിലർ ടീച്ചറുടെ വിദ്യാർത്ഥികളും, വിദ്യാർത്ഥികളിൽ ചിലർ സാറാബായ് ടീച്ചറുടെ വിദ്യാർത്ഥികളുടെ കുട്ടികളാണെന്ന പ്രത്യേകതയുമുണ്ട്. 2021-2022 അക്കാദമിക് വർഷത്തിൽ പത്താം ക്ലാസിലെ ബോർഡ് പരീക്ഷയിൽ ടീച്ചറുടെ ക്ലാസിലെ നല്ലൊരു ശതമാനം വിദ്യാർത്ഥികൾക്കും അറബിക് വിഷയത്തിൽ നൂറിൽ നൂറ് മാർക്കും നേടിയിരുന്നു. ജുബൈൽ സ്കൂൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വർഷം സർവ്വീസിൽ സേവനം ചെയ്യാൻ ഒരു സ്റ്റാഫിന് അവസരം ലഭിച്ചത് സാറാബായ് ടീച്ചർക്കാണ് അതും ഒരു വനിതക്കാണെന്നതും ശ്രദ്ധേയമാകുന്നു.
ഔദ്യോഗിക ജീവിതത്തിൽ നിരവധി അവാർഡുകൾ ടീച്ചർക്ക് ലഭിച്ചിട്ടുണ്ട്. 2003 ൽ അതിവിശിഷ്ട അധ്യാപക സേവനത്തിനുള്ള അവർഡ് സഊദിയിലെ അന്നത്തെ ഇന്ത്യൻ അംബാസിഡർ കമാലുദ്ദീൻ അഹമ്മദിൽ നിന്നും സ്വീകരിച്ചു. കൂടാതെ, മികച്ച സാമൂഹ്യ പ്രവർത്തനത്തിനായി പ്രവാസി, സാഫ്ക്ക, നവോദയ, സെപ്ക ചേന്നമംഗലൂർ, കേരള പേരൻസ്ഫോറം അവാഡുകൾ വിവിധ സമയങ്ങളിൽ ലഭിച്ചിട്ടുണ്ട്. മികച്ച പ്രാസംഗികയും വിവിധ ആനുകാലികങ്ങളിലെ എഴുത്തുകാരിയുമാണ് ടീച്ചർ. ആരാമം, മഹിളാ ചന്ദ്രിക, ഗൾഫ് മാധ്യമം, പ്രബോധനം തുടങ്ങിയ വാരികകളിലും എഴുതാറുണ്ട്.

കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ചേന്ദമംഗലൂരിനടുത്ത പൊറ്റശ്ശേരിയാണ് സ്വദേശം. സഊദി ഈസ്റ്റേൺ പ്രോവിൻസിലെ ഇന്ത്യൻ എംബസി സോഷ്യൽ വർക്കർ സെയ്ഫുദ്ദീൻ പൊറ്റശ്ശേരിയാണ് ഭർത്താവ്. ലണ്ടനിൽ സേവനം ചെയ്യുന്ന ഡോ: ഷിഹാന സെയ്ഫുദ്ദീൻ, അൽ ഖോബാറിലെ ഒരു പ്രമുഖ കമ്പനിയിൽ പ്രവർത്തിക്കുന്ന ഷിഹാസ് സെയ്ഫുദ്ദീൻ, ജുബൈൽ ഇന്ത്യൻ സ്ക്കൂളിലെ ഫിനാൻസ് ഓഫീസർ ഷിഹാദ് സെയ്ഫുദ്ദീൻ എന്നിവർ മക്കളുമാണ്. ലണ്ടനിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഡോ: അഹമ്മദ് നൗഫൽ മരുമകനുമാണ്.
ജുബൈൽ സൂക്കൂൾ മാനേജ്മെൻ്റും ടീച്ചിംഗ് സ്റ്റാഫും നോൺ ടീച്ചിംഗ് സ്റ്റാഫും ചേർന്ന് സാറാബായ് സെയ്ഫുദ്ദീന് ഹൃദ്യമായ യാത്രയയപ്പ് നൽകി. ടീച്ചറുടെ വിടവ് സ്കൂളിന് കനത്ത നഷ്ടമായിരിക്കുമെന്ന് യാത്രയയപ്പ് സംഗമത്തിൽ സംബന്ധിച്ചവർ അഭിപ്രായപെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




