റിയാദ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ബഹിരാകാശ ശാസ്ത്ര ദൗത്യത്തിനായുള്ള ഒരുക്കങ്ങൾ സഊദിയിലെ രണ്ട് ബഹിരാകാശ സഞ്ചാരികളായ റയാന ബെർണവിയും അലി അൽ-ഖർനിയും പൂർത്തിയാക്കി. 21 നാണ് ഇവർ യാത്രതിരിക്കുന്നത്.
യാത്രയുടെ ലക്ഷ്യങ്ങൾ നടപ്പാക്കാൻ തയ്യാറാണെന്നും അത് രാജ്യത്തിന്റെ ജനങ്ങൾക്കും നേതൃത്വത്തിനും ചരിത്രപരമായ പ്രാധാന്യത്തെ പ്രതിനിധീകരിക്കുന്ന കാര്യങ്ങളും നടപ്പാക്കാൻ തയ്യാറാണെന്നും ആക്സിയം സ്പേസ് നടത്തിയ പത്രസമ്മേളനത്തിൽ ബെർണാവിയും അൽ ഖർനിയും വ്യക്തമാക്കി. സൗദി യുവാക്കളുടെ കഴിവുകളിൽ വിശ്വസിച്ച നേതൃത്വത്തിന് നന്ദി അവർ അറിയിച്ചു.
ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ സൗദി, അറബ് മുസ്ലിം വനിത എന്ന നിലയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് റയാന പറഞ്ഞു.
10 വര്‍ഷമായി ശാസ്ത്ര, മെഡിക്കല്‍ ഗവേഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ബഹിരാകാശത്തേക്ക് പോകുന്നുവെന്ന് മുത്തശ്ശി അറിഞ്ഞപ്പോള്‍ 60 വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ട് കമ്മലുകളാണ് സമ്മാനിച്ചതെന്ന് റയാന പറഞ്ഞു.
സഊദികൾ എന്ന നിലയില്‍ ശാസ്ത്ര പുരോഗതിയുടെ എല്ലാ മേഖലകളിലും മാന്യമായ സാന്നിധ്യം ഉറപ്പിച്ചിരിക്കയാണെന്ന് അലി അല്‍ ഖര്‍നി പറഞ്ഞു. വ്യോമസേനയില്‍ പൈലറ്റായി ജോലി ചെയ്ത അനുഭവ സമ്പത്തുമായി ബഹിരാകാശത്ത് പരീക്ഷണങ്ങള്‍ നടത്താന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.




