2.7 ദശലക്ഷം വാഹനങ്ങള്‍ റംസാനില്‍ മക്കയിലെത്തി

മക്ക: വിശുദ്ധ റംസാന്‍ മാസത്തില്‍ 2.7 ദശലക്ഷത്തിലധികം വാഹനങ്ങള്‍ മക്കയിലെത്തിയതായി രജിസ്റ്റര്‍ ചെയ്തു. സഊദി പബ്ലിക് ഗതാഗത വിഭാഗമാണ് ഇതുസംബന്ധമായി അറിയിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മക്കയിലെത്താന്‍ സൗകര്യപ്രദമാകും വിധം വിശാലമായ നിരവധി റോഡുകളുണ്ട്. ഇവയിലൊന്ന് തലസ്ഥാന നഗരിയായ റിയാദിനേയും തായിഫ് വഴി മക്കയിലേക്കുള്ള പാത. മക്ക-റിയാദ് പാത 820 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. ഇതുവഴി നിരവധി വിശ്വാസികളാണ് റംസാന്റെ പുണ്യം നുകരാന്‍ റിയാദില്‍നിന്നും മക്കയിലെത്തിയത്. 421 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മദീന – മക്ക റോഡ് വഴിയും നിരവധിവിശ്വാസികള്‍ മക്ക പുണ്യനഗരിയില്‍ എത്തിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം റോഡ് സുരക്ഷക്കായി ഗതാഗത വിഭാഗം വന്‍ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്.

70 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജിദ്ദ – മക്ക റോഡിലും മക്കിലേക്കുള്ള തീര്‍ഥാടകര്‍ക്കൊരുക്കിയ സുരക്ഷാ സംവിധാനവും ബോധവത്കരണ കാമ്പയിനും യാത്രക്കാര്‍ക്ക് ഏറെ ഫലം ചെയ്തു. ഇതിനു പുറമെ 70 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മക്ക-തായിഫ് പാതയിലും അധികൃതര്‍ ഏര്‍പ്പെടുത്തിയ സംവിധാനം കുറ്റമറ്റതായിരുന്നുവെന്ന് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്ഥാവനയില്‍ സൗദി പബ്ലിക് ഗതാഗത വിഭാഗം പറഞ്ഞു.