മദീനയിൽ കണ്ട ആ വയോധികനു ഹജ്ജിന് അവസരമൊരുക്കുമെന്ന് അൽ ഐൻ സ്വദേശി

0
6349

അൽ ഐൻ: ആ വയോധികനു ഹജ്ജിന് അവസരമൊരുക്കുകയാണ് അൽ ഐൻ സ്വദേശി. രൂപത്തിലും വേഷത്തിലും വ്യത്യസ്തനായ വയോധികന്റെ മദീനയിലെ ദൃശ്യങ്ങൾ റമസാനിലെ അവസാന പത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

ഹറമിലെ  319- വാതിൽ പടിയിലൂടെ  ഊന്നുവടിയുമായി പുറത്ത് കടക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. പാകിസ്ഥാനിൽ നിന്നുള്ള കാദിം ബഖ്ശ് എന്നയാളായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.

മറ്റൊരു ലോകത്തിൽ നിന്നുള്ള വ്യക്തി, കാലത്തിലൂടെ കടന്നുപോകുന്ന സഞ്ചാരി തുടങ്ങിയ വിശേഷണങ്ങളോടെ ആയിരങ്ങൾ വിഡിയോ പോസ്റ്റ് ചെയ്തു. ഇതുകണ്ടാണ് യുഎഇയിലെ അൽ ഐന്‍ സ്വദേശി റാഷിദ് ഗരീബ് അൽ മൻസൂരി വയോധികന് ഹജ് കർമ്മത്തിന് അവസരമൊരുക്കുന്നത്. നിസ്സഹായതയും ദൈന്യവും തളം കെട്ടിയ മുഖഭാവത്തോടെ മദീനയിലെത്തിയ അദ്ദേഹത്തിന്റെ ഹജ് കർമത്തിനുള്ള എല്ലാ ചെലവും റാഷിദ് അൽ മൻസൂരി വഹിക്കും.  

വിഡിയോ പ്രചാരം നേടിയതോടെയാണ് അജ്ഞാതനെ ആളുകൾ അന്വേഷിച്ച് കണ്ടെത്തിയത്. ഉള്ള സമ്പാദ്യം വിറ്റ് ജീവിതാഭിലാഷമായ ഉംറ നിർവഹിക്കാൻ ആദ്യമായാണ് കാദിം ബഖ്ശ് സൗദിയിലെത്തിയത്. ഹജ് കൂടി നിർവഹിക്കാൻ മോഹമുണ്ടെങ്കിലും സമ്പാദ്യം തികയില്ലെന്നതായിരുന്നു സങ്കടം. ആയുസിനിടയിലെ ശേഷിക്കുന്ന ആഗ്രഹത്തിനാണ് അൽ ഐനിലെ റാഷിദ് അൽ മൻസൂരി നിറം പകരുന്നത്.