ദോഹ: പെരുന്നാൾ അവധിക്കാലം ചെലവിടാൻ വിദേശയാത്രയ്ക്ക് ഒരുങ്ങുങ്ങി പ്രവാസികൾ. നാട്ടിലെ കുടുംബത്തിനൊപ്പം ഈദ് ആഘോഷിക്കാൻ ഒരുങ്ങുന്നവരും ഒട്ടേറെ. സൗദി അറേബ്യ ഇ-വീസ നടപടികൾ ലളിതമാക്കിയതിനാൽ ഉംറ നിർവഹിക്കാൻ പോകുന്ന പ്രവാസികളുമുണ്ട്. അബു സമ്ര അതിർത്തി വഴി കര മാർഗം പോകുന്നവരുടെ എണ്ണവും കൂടുതലാണ്.
ഉംറ നിർവഹിച്ച ശേഷം സൗദിയിൽ ഈദ് അവധിയും ചെലവിട്ട് മടങ്ങാൻ ആഗ്രഹിക്കുന്നവരാണ് കര മാർഗം പോകുന്നവരിൽ ഏറെയും.
ഉംറ പാക്കേജിനും ഡിമാൻഡ് കൂടിത്തുടങ്ങി. ലണ്ടൻ, തുർക്കി, സൗദി അറേബ്യ, ദുബായ്, തായ്ലൻഡ്, ജോർജിയ, മാലദ്വീപ്, സൈപ്രസ് എന്നീ രാജ്യങ്ങളിലേക്കാണ് യാത്രക്കാർ അധികവും. ഇവയിൽ സൗദി അറേബ്യയും ജോർജിയയുമാണ് കൂടുതൽ പേരും ബുക്ക് ചെയ്തിരിക്കുന്നത്. യാത്രക്കാരന്റെ അഭിരുചിയും പോക്കറ്റും കണ്ടറിഞ്ഞുള്ള ടൂർ പാക്കേജുകളിൽ താമസം, വിമാന ടിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്നു.
സ്വദേശികൾക്ക് യൂറോപ്പിനോടാണ് കൂടുതൽ താൽപര്യം. എന്നാൽ, ഏഷ്യക്കാരായ പ്രവാസികൾക്ക് യുഎഇ, തുർക്കി, ജോർജിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനാണ് ഇഷ്ടമെന്ന് ഏജൻസികൾ പറയുന്നു. എന്നാൽ, ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ‘പൊള്ളുന്ന’ നിരക്കാണ്. ഈദ് അവധി അടുക്കുന്തോറും വിമാന ടിക്കറ്റ് നിരക്ക് വീണ്ടും വർധിക്കുന്നതിന്റെ ആശങ്കയിലാണ് പ്രവാസികൾ.
നാലംഗ കുടുംബത്തിന് നാട്ടിലൊന്നു പോയി വരാൻ 3-4 ലക്ഷം രൂപ തന്നെ ടിക്കറ്റിന് മാത്രം വേണ്ടിവരുമെന്നതിനാൽ അവധിക്കാലം ദോഹയിൽ തന്നെ ചെലവിടുന്ന കുടുംബങ്ങളും കുറവല്ല.




