മനാമ: നാട്ടിൽനിന്നുള്ള വിമാനനിരക്ക് കുത്തനെ ഉയർന്നു. കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്കുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് മുപ്പതിനായിരമായി ഉയർന്നു. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നുള്ള നിരക്കും ഉയർന്നു.
അവധിക്കാലത്ത് നിരക്ക് ഉയരാനുള്ള സാധ്യത മുൻകൂട്ടി കണ്ട് പലരും നേരത്തേ ടിക്കറ്റ് എടുത്താണ് യാത്രചെയ്യുന്നത്. എൺപത് ശതമാനം ടിക്കറ്റുകളും സീസണിൽ നേരത്തേതന്നെ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, വർധിച്ച ഡിമാന്റ് കണക്കാക്കി ഇനിയും ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള സാധ്യതയാണ് കാണുന്നത്.
പെരുന്നാൾ, ഈസ്റ്റർ, വിഷു എന്നിവയെല്ലാം അടുത്തടുത്തു വരുന്നതിനാൽ നിരവധി പ്രവാസികൾ നാട്ടിലേക്കും തിരിച്ചും യാത്രചെയ്യുന്ന നാളുകളാണ് വരാനിരിക്കുന്നത്. ഉത്സവ സീസണുകൾ, സ്കൂൾ അവധികൾ തുടങ്ങിയ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് സാധാരണ യാത്രക്കാർക്ക് താങ്ങാനാവുന്നില്ല.
മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയസമ്പാദ്യം വിമാന ടിക്കറ്റിന് നൽകേണ്ട അവസ്ഥയാണ് കുറഞ്ഞ വരുമാനത്തിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക്. വിമാന നിരക്കുകൾ പുനഃപരിശോധിക്കണമെന്ന പ്രവാസി സംഘടനകളുടെയും ആവശ്യത്തോട് വിമാനകമ്പനികൾ കണ്ണടക്കാറാണ് പതിവ്. ഡിമാന്റുള്ള സമയങ്ങളിൽ നിരക്ക് വർധിക്കുന്നത് സ്വാഭാവികമാണ് എന്ന നിലപാടിലാണ് വിമാനകമ്പനികൾ. ടിക്കറ്റ് വർധനക്കെതിരെ നിരവധി പ്രവാസി സംഘടനകൾ രംഗത്തെത്തി.




