പോരാട്ടം തുടരും, രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുന്നു, പ്രധാന മന്ത്രിക്ക് ഭയം: രാഹുൽ ഗാന്ധി

0
1882

ഡൽഹി: രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി. രാജ്യത്ത് ജനാധിപത്യം  സംരക്ഷിക്കാനുളള പോരാട്ടം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

സ്പീക്കറെ നേരിട്ട് കണ്ടിട്ടും തന്നെ ലോക്സഭയിൽ സംസാരിക്കാൻ തന്നെ അനുവദിച്ചില്ല. മോദിയും, അദാനിയും തമ്മിലുള്ള ദീർഘകാല ബന്ധം തുറന്ന് കാട്ടിയതാണ് ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കം. അയോഗ്യതയ്ക്കും ഭീഷണിക്കും തന്നെ നിശബ്ദനാക്കാൻ സാധിക്കില്ല.അദാനിയുടെ കമ്പനിയിൽ ആരാണ് പണം നിക്ഷേപിച്ചത് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അദാനി–മോദി ബന്ധം തെളിയിക്കാൻ ഇരുവരും ഒന്നിച്ചുള്ള ചിത്രം തെളിവായി കാണിച്ചു. എന്നാൽ പ്രസംഗം സഭാരേഖകളിൽനിന്ന് നീക്കുകയാണ് ചെയ്തത്. ഇതിനെതിരെ സ്പീക്കർക്ക് പലതവണ കത്തു നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഞാൻ വിദേശരാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന് മന്ത്രിമാർ പാർലമെന്റിൽ കള്ളം പറഞ്ഞു. ഞാൻ അങ്ങനെ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ഇന്ത്യയിൽ ജനാധിപത്യത്തിനു നേരെ ആക്രമണം നടക്കുന്നു എന്നത് വാസ്തവമല്ലേ. അതിന്റെ തെളിവുകൾ ദൈനംദിനം നമുക്കു ലഭിക്കുന്നുമുണ്ട്’ – രാഹുൽ ചൂണ്ടിക്കാട്ടി.

‘ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് ഞാൻ പിൻമാറില്ല. അയോഗ്യനാക്കിയും ജയിലിലടച്ചും എന്നെ നിശബ്ദനാക്കാമെന്ന് കരുതിയാൽ അവർക്കു തെറ്റി. ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ജനാധിപത്യത്തിനായി പോരാട്ടം തുടരുകയും ചെയ്യും. ഇക്കാര്യത്തിൽ ഒരടി പോലും പിന്നോട്ടില്ല’ – രാഹുൽ പറഞ്ഞു.

‘ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയാലും ഞാൻ എന്റെ ജോലി തുടരും. അദാനിയെക്കുറിച്ച് ഞാൻ അടുത്തത് എന്തായിരിക്കും പറയാൻ പോകുന്നതെന്ന ഭയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ ഭയം അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ നേരിട്ടു കണ്ടതാണ്. അതുകൊണ്ടാണ് ആദ്യം ആക്രമിച്ചും പിന്നീട് അയോഗ്യനാക്കിയും ഭയപ്പെടുത്താനുള്ള ശ്രമം. സർക്കാരിന്റെ ഈ പ്രതികരണം കൊണ്ട് ഏറ്റവും ഗുണം ലഭിക്കാൻ പോകുന്നത് പ്രതിപക്ഷത്തിനാണ്’ – രാഹുൽ ഗാന്ധി പറഞ്ഞു.