ഒമാനിലും മാസപ്പിറവി ദൃശ്യമായി; മുഴുവൻ ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും നാളെ റമദാൻ ഒന്ന്

0
1261

ദുബൈ: ഒമാനിലും ഇന്ന് റമദാൻ മാസപ്പിറവി ദൃശ്യമായതോടെ ഒമാൻ ഉൾപ്പെടെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും നാളെ റമദാൻ വ്രതം ആരംഭിക്കും. കേരളത്തിലും ഒമാനിലും ഇന്ന് വൈകേട്ടോടെയാണ് മാസപ്പിറവി ദൃശ്യമായത് സ്ഥിരീകരിച്ചത്.

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെ മാസപ്പിറവി ദൃശ്യമാകാതിരുന്നതിനാൽ വ്യാഴാഴ്ച റമദാൻ ഒന്നായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് ഒമാനിൽ മാസപ്പിറവി ദൃശ്യമായതോടെ വ്യാഴാഴ്ച റമദാൻ ആരംഭിക്കുമെന്ന് ഒമാനും പ്രഖ്യാപിച്ചു.

റമദാൻ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാൽ കേരളത്തിലും മാർച്ച് 23ന് വ്യാഴാഴ്ച (നാളെ) റമദാൻ വ്രതം ആരംഭിക്കുമെന്ന് വിവിധ ഖാദിമാർ അൽപ സമയം മുമ്പ് അറിയിച്ചിരുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവരാണ് മാസപ്പിറവി ദൃശ്യമായതായി അറിയിച്ചത്.