ഗൾഫിൽ നിന്നെത്തിയ കാമുകനെ വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ട് പോയി വന്‍ കവര്‍ച്ച; കാമുകി ഉള്‍പ്പടെ 6 പേര്‍ അറസ്റ്റില്‍

0
3777

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവിനെ കാമുകിയും സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി. തമിഴ്‌നാട് തക്കല സ്വദേശിയായ മുഹ്‌യുദ്ധീൻ അബ്ദുള്‍ ഖാദറാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ചിറയന്‍കീഴിലെ റിസോട്ടില്‍ കെട്ടിയിട്ടശേഷം പണവും സ്വര്‍ണവും കവര്‍ന്നതായാണ് യുവാവിന്റെ പരാതി. കേസില്‍ ഒന്നാംപ്രതിയായ കാമുകി ഇന്‍ഷ ഉള്‍പ്പെടെ ആറുപേരെ ശംഖുമുഖം പോലീസ് അറസ്റ്റ് ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ മാസം 22-നാണ് കേസിനാസ്പദമായ സംഭവം. അബ്ദുള്‍ ഖാദര്‍ തിരുവനനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് സംഘം തട്ടിക്കൊണ്ടുപോയത്. അബ്ദുള്‍ ഖാദറും ഇന്‍ഷയും ഗള്‍ഫില്‍ ഒന്നിച്ചായിരുന്നു താമസം. ബന്ധത്തില്‍ നിന്ന് യുവാവ് പിന്‍മാറിയതാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ബന്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരമായി ഒരുകോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് പണം നല്‍കാന്‍ വിസമ്മതിച്ചതോടെ യുവതിയും സഹോദരനും തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിടുകയായിരുന്നു.

വിമാനത്താവളത്തില്‍നിന്ന് നേരെ ചിറയന്‍കീഴിലെ റിസോട്ടിലെത്തിച്ച യുവാവിനെ രണ്ടുദിവസത്തോളം മുറിയില്‍ പൂട്ടിയിട്ടു. ഇതിനിടെ 15.70 ലക്ഷം രൂപയും കൈവശമുണ്ടായിരുന്ന സ്വര്‍ണവും രണ്ടു മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. മുദ്രപത്രങ്ങളിലും ഒപ്പിട്ടുവാങ്ങി. ഇതിനുശേഷം വിമാനത്താവളത്തിന് മുന്നില്‍ ഉപേക്ഷിച്ചു. ഇതിനുപിന്നാലെയാണ് യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. സംഘം മര്‍ദിച്ചതായും യുവാവിന്റെ പരാതിയില്‍ പറയുന്നുണ്ട്.

രണ്ട് ദിവസം റിസോര്‍ട്ടില്‍ കെട്ടിയിട്ട ശേഷം 50 ലക്ഷം രൂപ നല്‍കാമെന്നേറ്റപ്പോളാണ് തന്നെ വിട്ടയച്ചതെന്ന് മുഹ്യുദ്ദീന്‍ പറയുന്നു. ഗള്‍ഫില്‍ പോയി പണം നല്‍കാമെന്നേറ്റപ്പോള്‍ യാത്രയ്ക്കുള്ള ടിക്കറ്റ് കാമുകി തന്നെ നല്‍കിയെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. കേസില്‍ അറസ്റ്റിലായ യുവതി തിരുവനന്തപുരം വനിതാ പോലീസ് സ്‌റ്റേഷനിലാണുള്ളത്. മറ്റുപ്രതികള്‍ ശംഖുമുഖം സ്റ്റേഷനിലും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക