സഊദിയിലെ ജുബൈലിൽ സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ച മുഹമ്മദലിയുടെ മൃതദേഹം ഖബറടക്കി

0
2267

ദമാം: സഊദിയിൽ താമസസ്ഥലത്ത് സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ച മലയാളിയുടെ മയ്യത്ത് ഖബറടക്കി. മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലിയുടെ (58) മൃതദേഹമാണ് കിഴക്കൻ സഊദിയിലെ ജുബൈലിൽ ഖബറടക്കിയത്. ഉച്ചയോടു കൂടി ജുബൈലിലെ പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം അറീഫി ഏരിയയിലെ മഖ്ബറയിലേക്ക് കൊണ്ടുപോയി അടക്കം ചെയ്യുകയായിരുന്നു. മയ്യത്ത് ഖബറടക്കത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും കമ്പനി അധികൃതരുമുൾപ്പടെ നിരവധിയാളുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇക്കഴിഞ്ഞ ജനുവരി 22 നാണ് കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി മഹേഷ് (45) ന്റെ കുത്തേറ്റു മരണപ്പെട്ടത്. ഇരുവരും ഒരേ കമ്പനിയിലെ തൊഴിലാളികളാണ്. സാരമായി പരിക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും ഒരേ റൂമിലാണ് താമസം. ഉച്ചക്കാണ് മലയാളികളെ നടുക്കിയ സംഭവം. ഇരുവരും രാത്രി ഷിഫ്റ്റ്‌ കഴിഞ്ഞ് എത്തിയതായിരുന്നു. ഇതിനിടെയാണ് റൂമിൽ വെച്ച് സംഭവം നടന്നത്. സംഭവത്തിന് ശേഷം മഹേഷിനെ സ്വയം കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ സ്വദേശിയായ ഇയാൾ അഞ്ചുവർഷമായി ഇതേ കമ്പനിയിൽ മെഷീനിസ്റ്റായി ജോലി ചെയ്യുന്നു

റൂമിൽ നിന്നുള്ള ഒച്ചപ്പാടുകൾ കേട്ട് സമീപത്തുള്ളവർ എത്തിയെങ്കിലും പിന്നീട് പോലീസ് എത്തിയാണ് കുത്തേറ്റയാളെ ആശുപത്രിയിലേക്ക് നീക്കിയത്. സ്വയം കുത്തി പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തിയ പ്രതി ചെന്നൈ സ്വദേശി മഹേഷ് (45) ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.

സംഭവത്തിന്റെ മുമ്പ് ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിെൻറ അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നത്രെ. തുടർന്ന് കമ്പനി അവധി നൽകുകയും വിശ്രമിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. കൊല നടത്തിയതിെൻറ കുറ്റബോധം മൂലമാണ് ആത്മത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് സമ്മതിച്ചു. ആറുവർഷമായി ‘ജെംസ്’ കമ്പനയിൽ ഗേറ്റ്മാനായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദലി. താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെണ്മക്കൾ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക