എങ്ങും മരണത്തിന്റെ മണം; പ്രതീക്ഷകൾ മങ്ങുന്നു: ദുരിതം ഇരട്ടിയാക്കി കൊടും ശൈത്യം, ഭക്ഷണവും മരുന്നും കിട്ടാനില്ല, മരണം 21,000 കടന്നു; നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുന്നു

0
1952

ഭൂകമ്പത്തേക്കാൾ വലിയ ദുരന്തമാണ് കാത്തിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്

ഇസ്തംബുൾ: ഭൂകമ്പം നടന്ന് നാലു ദിവസം കഴിഞ്ഞതോടെ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് ജീവനോടെ ആരെയെങ്കിലും രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട് രക്ഷാപ്രവർത്തകർ. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെങ്കിലും രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൂകമ്പം കടുത്ത നാശം വിതച്ച തുർക്കിയയിലെ കഹ്റമൻമഹാസ്, ഗാസിയാൻടെപ്, വടക്കൻ സിറിയയിൽ വിമതരുടെ നിയന്ത്രണത്തിലുള്ള അലെപ്പോ, ഇദ്‍രിബ് എന്നിവിടങ്ങളിലെല്ലാം മരണത്തിന്റെ മണമാണ്. തുർക്കിയിലും സിറിയയിലും വ്യാപകനാശം വരുത്തിയ ഭൂകമ്പത്തിൽ മരണം ഇതുവരെ 21,051 ആയി. തുർക്കിയിൽ 17,674 പേരും സിറിയയിൽ 3,377 പേരും മരിച്ചു. തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. മഞ്ഞും മഴയും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപം കഹ്‌റാമൻമാരസിനും ഗാസിയാൻടെപ്പിനും ഇടയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. നഗരം പൂർണമായി തകർന്ന അവസ്ഥയിലാണ്. ഏഴ് നഗരങ്ങളിലായി ആശുപത്രികൾ ഉൾപ്പെടെ മൂവായിരത്തോളം കെട്ടിടങ്ങൾ തകർന്നു. ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരായി. ഹതായിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 2 വയസ്സുള്ള ആൺകുട്ടിയെ 79 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി.

കൊടും ശൈത്യത്തിൽ നിന്ന് രക്ഷ തേടി തുർക്കിയയിലെ കഹ്റമൻമഹാസിൽ തീ കായുന്നവർ

ഭൂകമ്പത്തെത്തുടർന്ന് തുർക്കിയെയും സിറിയയെയും സഹായിക്കാൻ ഇന്ത്യ ആരംഭിച്ച ‘ഓപറേഷൻ ദോസ്തി’നു കീഴിൽ, രണ്ട് രാജ്യങ്ങളിലേക്കും രക്ഷാപ്രവർത്തന സംഘങ്ങളെയും മെഡിക്കൽ ടീമുകളെയും അയച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യം ഹതായിൽ താൽകാലിക ആശുപത്രി സ്ഥാപിച്ചു. തുർക്കിക്കും സിറിയയ്ക്കും അടിയന്തര സഹായമായി അമേരിക്ക 85 മില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചു.

യുദ്ധം തകർത്ത സിറിയയിലെ അവസ്ഥ ദയനീയമാണ്. ഇദ്‍രിബിലും അലെപ്പോയിലും പരിക്കേറ്റവർക്ക് ചികിത്സ പോലും ലഭ്യമാകുന്നില്ല. ടെന്റുകൾപോലും തകർന്നതോടെ കൊടുംശൈത്യത്തിൽ തുറന്ന പ്രദേശത്താണ് കഴിയുന്നത്. വ്യാഴാഴ്ചയാണ് ആദ്യമായി സഹായവസ്തുക്കൾ തുർക്കിയ അതിർത്തി കടന്ന് വടക്കൻ സിറിയയിൽ എത്തിയത്. ആറു ലോറിയിലാണ് സാധനങ്ങൾ എത്തിച്ചത്.

ഭൂകമ്പത്തേക്കാൾ വലിയ ദുരന്തമാണ് അതിജീവിച്ചവരെ കാത്തിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഭക്ഷണവും പാർപ്പിടവും വൈദ്യുതിയും ഒന്നും ലഭ്യമല്ലാതെ അധിക ദിവസം ദുരന്തബാധിതർക്ക് അതിജീവിക്കാനാകില്ലെന്നും സഹായം എത്രയും വേഗം എത്തിക്കണമെന്നുമാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Turkey Earthquake Deaths Top 21,000, Rescue Teams Work Round-The-Clock