റിയാദ്: ഖുന്ഫുദയിൽ
മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു.
ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. ബന്ധുക്കളായ അഞ്ചു കുട്ടികള്‍ വെള്ളക്കുഴിയില്‍ കളിക്കുന്നതിനിടെ മൂന്നു പേര് മുങ്ങിമരിക്കുകയായിരുന്നു. രണ്ടു പേര് രക്ഷപ്പെട്ടു. ഒമ്പതു മുതല്‍ പന്ത്രണ്ടു വരെ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്.
കൂടാതെ മക്ക കുദയ് ഡിസ്ട്രിക്ടില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് ബര്‍മക്കാരനും മരണപ്പെട്ടു. കുദയ് ഡിസ്ട്രിക്ടിലെ ഖുമൈം ഗലിയിലാണ് ബര്‍മക്കാരന്‍ ഒഴുക്കില്‍ പെട്ടത്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഡ്രെയിനേജിലേക്ക് പതിച്ച ബര്മക്കാരനെ കാണാതാവുകയായിരുന്നു.
അപകട സ്ഥലത്തു നിന്ന് 13 കിലോമീറ്റര്‍ ദൂരെ ദക്ഷിണ മക്കയിലെ അല്ഉകൈശിയ ഡിസ്ട്രിക്ടില്‍ ബര്മക്കാരന്റെ മയ്യിത്ത് പിന്നീട് സിവില്‍ ഡിഫന്‍സ് കണ്ടെത്തി.




