തിങ്ങിനിറഞ്ഞ മിർസൂൾ പാർക്കിൽ അൽ നാസർ ആരാധകർ ക്രിസ്റ്റ്യാനോക്ക്‌ നൽകിയത് ഊഷ്മളമായ സ്വീകരണം

0
1896

റിയാദ്: സഊദി അറേബ്യയിലേക്കുള്ള എന്റെ നീക്കത്തെക്കുറിച്ച് ആളുകൾ എന്താണ് പറയുന്നതെന്ന് ഞാൻ കാര്യമാക്കുന്നില്ലെന്നും എന്റെ ഫുട്ബോൾ ജീവിതത്തിൽ ഈ വലിയ തീരുമാനം എടുക്കുന്നതിൽ സന്തോഷവും അഭിമാനവും തോന്നുന്നു വെന്നും പോർച്ചു ഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിൽ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചൊവ്വാഴ്ച റിയാദിലെ തിങ്ങിനിറഞ്ഞ മിർസൂൾ പാർക്കിൽ അൽ-നാസർ ആരാധകർ ഊഷ്മളമായ സ്വീകരണം നൽകി.

അൽ നാസർ ക്ലബ്ബിനായി കളിക്കാനുള്ള തീരുമാനമെടുത്തതിൽ തന്റെ അഭിമാന നിമിഷം സ്വീകരണത്തിനു തൊട്ടു മുന്നേ നടന്ന പത്രസമ്മേളനത്തിലൂടെ അദ്ദേഹം പ്രകടിപ്പിച്ചു.
അൽ നാസർ ക്ലബ്ബ് യൂണിഫോം അണിഞ്ഞ യുവഗായകൻ അയ്ദ് അൽ ഖർനി അവതരിപ്പിച്ച ഗാനങ്ങളോടെയാണ് ചടങ്ങ് ആരംഭിച്ചത്.

തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ മുപ്പതിനായിരത്തോളം കാണികളാൽ നിറഞ്ഞ സ്റ്റേഡിയത്തിന്റെ മധ്യനിരയിലെത്തി. അൽ നാസർ ക്ലബ്ബിന്റെ പ്രസിഡന്റ് മോസ്‌ലി അൽ മുഅമ്മറും ക്ലബ്ബിന്റെ ടെക്‌നിക്കൽ ഡയറക്ടറും ഒപ്പമുണ്ടായിരുന്നു.

റൊണാൾഡോ ആരാധകരുടെ അടുത്തേക്ക് അഭിവാദ്യം ചെയ്യുകയും അവൾക്ക് നിരവധി പന്തുകൾ സമ്മാനിക്കുകയും ചെയ്തു.

യൂറോപ്പിലെ എന്റെ എല്ലാ ദൗത്യങ്ങളും ഞാൻ നന്നായി പൂർത്തിയാക്കി, സാധ്യമായ എല്ലാ കിരീടങ്ങളും നേടിയതിന് ശേഷം എന്റെ ഫുട്ബോൾ ജീവിതത്തിൽ ഈ വലിയ തീരുമാനം എടുക്കുന്നതിൽ സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സഊദി ലീഗിന് വളരെ മികച്ച മത്സര മനോഭാവമുണ്ടെന്ന് എനിക്കറിയാം, ഇവിടെ വരുന്നതിന് മുമ്പ് ഞാൻ നിരവധി മത്സരങ്ങൾ കണ്ടിട്ടുണ്ട്.”

“അന്താരാഷ്ട്ര ടീമുകൾക്കിടയിൽ സാങ്കേതിക വ്യത്യാസങ്ങൾ ഇപ്പോൾ വ്യക്തമായി കാണാനാകില്ല, ഇതാണ് കഴിഞ്ഞ ലോകകപ്പിൽ നമ്മൾ കണ്ടത്, സൗദി ദേശീയ ടീം ലോകകപ്പിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്” എന്ന് അദ്ദേഹം കൂട്ടി ചേർത്തു.

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം സഊദി ലീഗിനും കായിക മേഖലക്കും ഒരു മുതൽ കൂട്ടാണെന്നും വർഷങ്ങളായി നടത്തിയ പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും ഫലമാണിതെന്നും ക്ലബ്ബിന്റെ പ്രസിഡന്റ് മുഅമ്മർ പറഞ്ഞു.

സൗദി അറേബ്യയിലെ റൊണാൾഡോയെ സ്വാഗതം ചെയ്തുകൊണ്ട് അൽ-നാസർ ക്ലബ് പ്രസിഡന്റ് മുസാലി അൽ മുഅമ്മർ, റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെന്നും ക്ലബ്ബുമായുള്ള പ്രൊഫഷണൽ കരാറിൽ അദ്ദേഹത്തിന് നൽകിയതെല്ലാം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.