ഷാർജ: പുതിയ രീതിയിലുള്ള വീസ-തൊഴിൽ തട്ടിപ്പിന് ഇരയായ നാല് മലയാളി യുവാക്കൾ ഷാർജയിൽ ദുരിതത്തിൽ. സൗദിയിലെ പ്രമുഖ പാൽ ഉൽപന്ന കമ്പനിയുടെ പേരിൽ എംപ്ലോയ്മെന്റ് വീസയെന്ന് തിരുത്തിയ ഒരു മാസത്തെ സന്ദർശക വീസയും യുഎഇ ഗവ.ലോഗോ പതിച്ച വ്യാജ തൊഴിൽ കരാറും നൽകിയാണ് നാല് യുവാക്കളെ വയനാട് കൽപറ്റ കമ്പളക്കാട് സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ഇഖ്ബാൽ എന്നയാൾ വഞ്ചിച്ചത്. ഇവരിൽ നിന്ന് 90,000 രൂപ വീതം 3,60,000 രൂപയും ഇയാൾ കൈക്കലാക്കി. ഇവരെപ്പോലെ ഒട്ടേറെ പേർ ഇയാളുടെ ചതിക്കുഴിയിൽ വീണിട്ടുണ്ടെന്നാണ് കരുതുന്നത്.
വയനാട് നീലഗിരി പൊട്ടവയൽ സ്വദേശികളായ സന്തോഷ് മാത്യു (24), ലൈജു ഷാജി (23), ജിൻസ് റെജി (22), മാനന്തവാടി സ്വദേശി അജിത് എന്നിവരാണ് ചതിയിൽപ്പെട്ടത്. നവംബർ 18ന് യുഎഇയിലെത്തിയ ഇവർ ഷാർജ റോളയിലെ ചെറിയമുറിയിൽ ഭക്ഷണം പോലും കഴിക്കാനില്ലാതെ പ്രതിസന്ധിയിൽ കഴിയുകയാണ്. ആദ്യമായി ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്ത് എത്തിയ ഇവരെല്ലാവരും എന്തു ചെയ്യണമെന്നറിയാതെ നാളുകൾ എണ്ണിക്കഴിയുന്നു.

ഈ മാസം 27ന് ഇവരുടെ വീസ കാലാവധി കഴിയുമെന്നതിനാൽ എന്താണ് തങ്ങളുടെ ഭാവി എന്നു പോലും അറിയാതെ കടുത്ത ആശങ്കയിലുമാണ്. പണം വാങ്ങിയ ഏജന്റ് ഇഖ്ബാലും ഇയാളുടെ ഭാര്യ എന്ന് പരിചയപ്പെടുത്തിയ ഷമീറ എന്ന സ്ത്രീയും വയനാട്ടിൽ നിന്ന് മുങ്ങിയതിനാൽ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ദുബായ് വിമാനത്താവളത്തിൽ നിന്ന് റോളയിലെ മുറിയിലെത്തിച്ച ഏജന്റിന്റെ ആളെന്ന് പറഞ്ഞ ഹിന്ദി സംസാരിക്കുന്നയാൾ ഇവരെ പിന്നീട് തിരിഞ്ഞുനോക്കിയിട്ടുമില്ല. ഇയാളുടെ മൊബൈൽ നമ്പരോ മറ്റോ ഇല്ലാത്തത് ഇവരെ പിടികൂടുന്നത് പ്രയാസമാക്കി.
വയനാട്ടിലെ യുവാക്കളിൽ നിന്ന് പണം തട്ടിയെടുക്കാൻ ഏറ്റവും പുതിയ രീതിയാണ് സംഘം അവലംബിച്ചിരിക്കുന്നത്. വയനാട്ടിൽ വാടക വീടെടുത്ത് അവിടെ സ്ത്രീകളെയും കുട്ടികളെയും താമസിപ്പിച്ച് സത്യസന്ധരായ കുടുംബമാണെന്ന് വിശ്വസിപ്പിച്ചതാണ് അതിൽ പ്രധാനം.
കുവൈത്തിലെ കമ്പനിയിലേക്കുള്ള വീസ എന്ന് പറഞ്ഞാണ് ഇവർ ആദ്യം തൊഴിലന്വേഷകരെ ക്ഷണിച്ചത്, കൽപറ്റയിലെ ഒരു ട്രാവൽ ഏജൻസിയുടെ പേരുപറഞ്ഞായിരുന്നു ഇത്. മികച്ച മാസശമ്പളം, താമസ സൗകര്യം, ഭക്ഷണം എന്നിവ വാഗ്ദാനം ചെയ്തു ഒട്ടേറെ പേരിൽ നിന്ന് 30,000 രൂപ വീതം കൈക്കലാക്കി. എന്നാൽ, കുവൈത്തിലെ തൊഴിൽ സംബന്ധമായ ചില രേഖകൾ ശരിയാകുന്നില്ലെന്ന് പറഞ്ഞ് മൂന്ന് മാസത്തോളം ഇവരെ പിന്നാലെ നടത്തിച്ചു. തുടർന്ന് യുഎഇയിലെ അൽ മറായി എൽഎൽസി എന്ന കമ്പനിയിൽ ജോലി ശരിയാക്കാമെന്ന് അറിയിക്കുകയായിരുന്നു.
യുഎഇയിലടക്കമുള്ള സഊദിയിലെ പ്രമുഖ പാൽ ഉത്പന്ന കമ്പനിയാണ് അൽ മറായി. രണ്ട് മാസത്തിന് ശേഷം യുഎഇ സർക്കാരിന്റെ ഔദ്യോഗിക ലോഗോ പതിച്ച പേപ്പറിലാണ് ഇവർക്ക് അൽ മറായിയുടെ തൊഴിൽ കരാർ നൽകിയത്. ഇത് വിശ്വസിച്ച യുവാക്കൾ 30,000 രൂപ വീതം ഇഖ്ബാലിന്റെ ബാങ്ക് അക്കൗണ്ടിൽ ഡെപോസിറ്റ് ചെയ്തു. ബാക്കി തുക വീസ ലഭിക്കുമ്പോൾ തന്റെ വീട്ടിൽ നേരിട്ട് ഏൽപിച്ചാൽ മതിയെന്നായിരുന്നു ഇഖ്ബാലിന്റെ അറിയിപ്പ്.
അഞ്ച് മാസത്തിന് ശേഷം ”എംപ്ലോയ്മെന്റ്” വീസയുടെ കോപ്പി ലഭിച്ചപ്പോൾ ഏറെ സന്തോഷമായി എന്നും ഭാവി ജീവിതം ശുഭകരമാകാൻ പോകുന്നു എന്ന പ്രതീക്ഷയിലാണ് ബാക്കി തുക നൽകാനായി ഒരേ നാട്ടുകാരായ ഞങ്ങൾ മൂന്ന് പേരും ഇഖ്ബാലിന്റെ കൽപറ്റയിലെ വീട്ടിലെത്തിയതെന്നും തട്ടിപ്പിനിരയായ സന്തോഷ് മാത്യു വിശദീകരിക്കുന്നു. അവിടെ ഷമീറ എന്ന സ്ത്രീയും മറ്റൊരു സ്ത്രീയും കുട്ടികളുമുണ്ടായിരുന്നു. വളരെ മാന്യമായ പെരുമാറ്റമായിരുന്നു എല്ലാവരുടെയും. നാല് പേരും ബാക്കി തുകയായ 60,000 രൂപ വീതം ഷമീറയെ ഏൽപിച്ചു.
സ്വന്തം വീട്ടിൽ കുടുംബത്തോടെ താമസിക്കുന്ന ഒരാൾ ഒരിക്കലും തട്ടിപ്പ് നടത്തുമെന്ന് കരുതിയിരുന്നില്ലെന്ന് സന്തോഷ് മാത്യു പറയുന്നു. എംപ്ലോയ്മെന്റ് വീസയെന്ന് തിരുത്തിയ സന്ദർശക വീസയുടെ പകർപ്പുമായി നവംബർ 18ന് കോഴിക്കോട് നിന്ന് ഇവർ വിമാനം കയറി. എമിഗ്രേഷനിൽ വീസയുടെ നമ്പർ മാത്രമേ ശ്രദ്ധിക്കുകയുള്ളൂ എന്നതിനാലാണ് ഇവർക്ക് തടസ്സമൊന്നുമില്ലാതെ ഇവിടെയെത്താൻ സാധിച്ചതെന്ന് സ്മാർട് ട്രാവൽസ് എംഡി അഫി അഹമ്മദ് പറയുന്നു. ദുബായ് വിമാനത്താവളത്തിൽ ഉച്ചയ്ക്ക് ഒന്നിന് എത്തിയെങ്കിലും ഇവരെ രാത്രി 12നാണ് ഹിന്ദിക്കാരൻ വന്ന് കൂട്ടിയത്. ഷാർജ റോളയിലെ മുറിയിൽ കൊണ്ടാക്കിയ ശേഷം ഇയാളെ കണ്ടിട്ടില്ലെന്നും ബന്ധപ്പെടാനുള്ള ഫോൺ നമ്പർ പോലുമില്ലെന്നും ലൈജു ഷാജി പറഞ്ഞു.
തട്ടിപ്പുവീരൻ ഇഖ്ബാലിന്റേതെന്ന് പറഞ്ഞ വീട്ടിൽ ഇരകളിലൊരാളായ അജിത്തിന്റെ ബന്ധുക്കൾ ചെന്നപ്പോൾ അവിടെ ആരുമില്ലായിരുന്നു. തുടരന്വേഷണത്തിൽ അതൊരു വാടകവീടായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. ഇഖ്ബാൽ തന്റേതെന്ന് പരിചയപ്പെടുത്തിയ കൽപറ്റയിലെ ട്രാവൽ ഏജൻസിയിൽ അന്വേഷിച്ചപ്പോൾ, അയാളുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു അവിടെയുണ്ടായിരുന്നവർ അറിയിച്ചത്. ഇതോടെ തങ്ങൾ വഞ്ചിക്കപ്പെട്ടതായും പണം നഷ്ടപ്പെട്ടതായും ഇവർ തിരിച്ചറിയുകയായിരുന്നു.
30,000 ഇന്ത്യൻ രൂപ പ്രതിമാസ ശമ്പളം, താത്പര്യമുണ്ടെങ്കിൽ ഓവർടൈം, ട്രാവൽ ഇൻഷുറൻസ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ്, സൗജന്യ ഭക്ഷണം, 2 വർഷത്തിന് ശേഷം അവധിക്ക് നാട്ടിൽ പോയി വരാൻ വിമാന ടിക്കറ്റ്.. ആരെയും വീഴ്ത്തുന്ന പ്രലോഭനങ്ങളാണ് തട്ടിപ്പുകാർ യുവാക്കൾക്ക് നൽകിയത്. ഇതെല്ലാം രേഖപ്പെടുത്തി യുഎഇയുടെ ഔദ്യോഗിക ലോഗോ പതിച്ച പേപ്പറിലാണ് തൊഴിൽ കരാർ നൽകിയിട്ടുള്ളത്. നേരത്തെ നടന്ന വീസ തട്ടിപ്പുകളിൽ നിന്ന് വളരെ ഗൗരവമായി കാണേണ്ട തട്ടിപ്പ് ആണ് ഇതെന്ന് സാമൂഹിക പ്രവർത്തകര്‍ പറയുന്നു.
നാട്ടിലെ തട്ടിപ്പുവീരന്മാരെ പിടികൂടി ഇവിടെയുള്ള അവരുടെ പങ്കാളികളെ വലയിലാക്കിയാൽ ഗവൺമെന്റിനെ പോലും വഞ്ചിക്കുന്നവരെ പിടികൂടി ശിക്ഷിക്കാൻ സാധിച്ചേക്കും. അതോടൊപ്പം ഇവരുടെ ചതിക്കുഴിയിൽ വീണുപോയേക്കാവുന്ന ഒട്ടേറെ യുവാക്കളെ രക്ഷിക്കാനും സാധിച്ചേക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നവീൻ സുബൈർ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുവാക്കളില്‍ നിന്ന് വിവരം ശേഖരിച്ച് ഇവിടുത്തെ സംഘാംഗങ്ങളെക്കുറിച്ച് അന്വേഷണം നടത്തേണ്ടതാണ്.




