മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ ചില ഘട്ടങ്ങളിൽ 50,000 റിയാൽ വരെ പിഴയെന്ന് വേസ്റ്റ് മാനേജ്മെന്റ് അതോറിറ്റി
റിയാദ്: വാഹനങ്ങളുടെയോ കെട്ടിടങ്ങളുടെയോ ജനാലകളിൽ നിന്ന് മാലിന്യം വലിച്ചെറിയുന്ന വ്യക്തികൾക്ക് 200 റിയാൽ മുതൽ 1000 റിയാൽ വരെ പിഴ ചുമത്തും. നാഷണൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്മെന്റ് (എംഡബ്ല്യുഎഎൻ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യ സംസ്കരണ നിയമത്തിന്റെയും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെയും വിവിധ ലംഘനങ്ങളുടെ വർഗ്ഗീകരണവും ലംഘനങ്ങൾക്കുള്ള പിഴയും അടങ്ങുന്ന പട്ടികയ്ക്കും നാഷണൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്മെന്റ് (എംഡബ്ല്യുഎഎൻ) അന്തിമരൂപം നൽകി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിവിധ ലംഘനങ്ങളുടെ വിശദാംശങ്ങളും അവയ്ക്കുള്ള ശിക്ഷകളും പട്ടികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ കേന്ദ്രവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്ഫോമിൽ (ഇസ്തിതില) വിശദാംശങ്ങൾ ലഭ്യമാണ്. കരട് ചട്ടങ്ങളിലെ വ്യവസ്ഥകളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പ്രകടിപ്പിക്കാൻ പ്ലാറ്റ്ഫോം സഹായിക്കുന്നു.
വേസ്റ്റ് കണ്ടയിനാറുകൾ മാന്തി, അവയിലെ പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ വാരി വിതറി പുറത്തെടുത്താൽ 1,000 റിയാൽ മുതൽ 10,000 റിയാൽ പിഴ ഈടാക്കും. മൂന്നാം കക്ഷികളുടെ ഭൂമിയിലോ പൊതുസ്ഥലങ്ങളിലോ നിർമ്മാണ മാലിന്യം വലിച്ചെറിയുന്നവർക്ക് 50,000 റിയാൽ വരെ പിഴ ചുമത്തും.
നിർമ്മാണം, നവീകരണം, പൊളിക്കൽ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാത്ത സാഹചര്യത്തിൽ 20,000 റിയാൽ വരെ പിഴ ഈടാക്കും. മെത്തകൾ, ഫർണിച്ചറുകൾ തുടങ്ങിയ വലിയ വലിപ്പത്തിലുള്ള പാർപ്പിട മാലിന്യങ്ങൾ അവക്കായി നിയുക്തമാക്കിയിട്ടില്ലാത്ത സ്ഥലങ്ങളിലും ചില സമയങ്ങളിൽ നിയുക്തമാക്കിയിട്ടില്ലാത്ത പ്രദേശങ്ങളിലും നിക്ഷേപിക്കുന്നവർക്ക് 1,000 റിയാൽ വരെ പിഴ ചുമത്തും.
മാലിന്യം സ്വീകരിക്കുന്നതിന് നിയമപരമായ അനുമതി ഉറപ്പാക്കാതെ മാലിന്യം കൊണ്ടുപോകുകയോ സംസ്കരിക്കുന്നതിനായി ഒരു സേവന ദാതാവിലേക്കോ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കോ മാറ്റാൻ അനുവദിക്കുന്ന സാഹചര്യത്തിൽ പരമാവധി 10 ദശലക്ഷം റിയാൽ പിഴ ചുമത്തും. നിർമ്മാണം അല്ലെങ്കിൽ പൊളിക്കൽ ജോലികളുടെ ഫലമായുണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിന്റെ ലംഘനത്തിന് 5,000 റിയാൽ മുതൽ പരമാവധി 20,000 റിയാൽ പിഴയും നിശ്ചയിച്ചിട്ടുണ്ട്.
മറ്റുള്ളവരുടെ ഭൂമിയിലോ പൊതുസ്ഥലങ്ങളിലോ നിർമാണമോ പൊളിക്കുന്നതോ ആയ മാലിന്യം നിക്ഷേപിച്ചാൽ പരമാവധി പിഴ 50,000 റിയാൽ ആയിരിക്കും. മാലിന്യ ഗതാഗത വാഹനങ്ങൾ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ മാലിന്യ ശേഖരണത്തിനും ഗതാഗത സേവന ദാതാക്കൾക്കും ഇതേ പിഴ ചുമത്തും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




