നീണ്ട എട്ടു വർഷത്തെ നിയമക്കുരുക്കിൽ നിന്നും മോചനം; കൊല്ലം സ്വദേശി നാടണഞ്ഞു

0
1739

അൽകോബാർ: നീണ്ട എട്ടു വർഷത്തെ നിയമക്കുരുക്കുകളിൽ നിന്നും മോചനം നേടി സുനിൽ പരമു
നാട്ടിലെത്തി. അൽകോബാർ
കെ.എം.സി.സി വെൽഫയർ വിംഗ് ഇടപെടൽ മൂലമാണ് കൊല്ലം ജില്ലയിലെ ചവറ മുകുന്ദപുരം സ്വദേശി സുനിൽ പരമു നാട്ടിലെത്തിയത്.

അൽകോബാറിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ സുനിൽ നാലു വർഷം മുമ്പ് നാട്ടിലേക്ക് പോകാൻ ലേബർ ഓഫീസ് മുഖാന്തിരം ശ്രമിക്കുമ്പോൾ സ്‌പോൺസർ ഫയൽ ചെയ്ത കേസിൽപെട്ട് വിചാരണ നീളുകയായിരുന്നു.

വിചാരണയിൽ നേരിടുന്ന പ്രയാസം റിയാദ് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിഭാഗത്തിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കെ.എം.സി.സി വെൽഫെയർ വിഭാഗം കൺവീനർ ഹുസൈൻ ഹംസ വിഷയത്തിൽ ഇടപെടുകയും കേസ് രജിസ്റ്റർ ചെയ്ത അൽകോബാർ പോലീസ് അധികാരികളെ ബന്ധപ്പെടുകയും ചെയ്തു.

തുടർന്ന്, വിചാരണ തീർപ്പാക്കാൻ റിയാദിലെ കേന്ദ്ര നിയമകാര്യ വിഭാഗത്തെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടു മാസങ്ങൾക്കുള്ളിൽ ഫൈനൽ എക്‌സിറ്റ് നേടി നാട്ടിൽ പോകാൻ അനുമതി നേടുകയായിരുന്നു. 
കമ്പനിയിൽ നിന്നും ലഭിക്കാനുള്ള സർവീസ് ആനുകൂല്യങ്ങൾ അടക്കം കൈപ്പറ്റിയാണ് സുനിൽ എട്ടു വർഷങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച നാടണഞ്ഞത്.

സുനിലിനുള്ള യാത്രാ രേഖകൾ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട്, ഹുസൈൻ ഹംസ നിലമ്പൂർ എന്നിവർ കൈമാറി. നിയമ നടപടികൾ പൂർത്തിയാക്കാൻ സഹായിച്ച കെ.എം.സി.സി വെൽഫെയർ വിഭാഗത്തിന് സുനിലും കുടുംബവും നന്ദി അറിയിച്ചു.