ദോഹ: ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്ന ഫുട്‌ബോൾ ആരാധകർക്കായി സൗജന്യ മെഡിക്കൽ സേവനങ്ങൾ.
ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ആരോഗ്യ സേവനങ്ങൾ സൗജന്യമാണ്.
അടിയന്തരഘട്ടത്തിൽ ആംബുലൻസ് സേവനവും ലഭ്യമാണ്. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും ആരാധകർക്ക് സേവനം തേടാം. ആരാധകർ ഖത്തറിൽ താമസിക്കുന്നത് എത്ര ദിവസമാണോ അത്രയും ദിവസത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസ് എടുക്കണമെന്നും അധികൃതർ ശുപാർശ ചെയ്യുന്നുണ്ട്.
ഖത്തറിലേക്കുള്ള യാത്രയ്ക്ക് മുൻപ് കോവിഡ് പരിശോധന വേണ്ട. ഇഹ്‌തെറാസ് പ്രീ-റജിസ്‌ട്രേഷനും ആവശ്യമില്ല. ഹോട്ടൽ ക്വാറന്റീനും ഇല്ല. യാത്രയ്ക്ക് മുൻപായി കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നും ശൈത്യകാലമായതിനാൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതും ഉചിതമായിരിക്കുമെന്നു പൊതുജനാരോഗ്യ മന്ത്രാലയം ശുപാർശ ചെയ്യുന്നുണ്ട്.
ആരാധകർക്ക് ആരോഗ്യ സേവനങ്ങൾ തേടാൻ ഹെൽത്ത്‌ലൈൻ നമ്പറും സജ്ജമാണ്. ലോകകപ്പ് ആരാധകർക്ക് സ്വാഗതമേകി ഖത്തറിന്റെ യാത്രാ, പ്രവേശന, കോവിഡ് പരിശോധനാ നയങ്ങളും ഭേദഗതി ചെയ്തിട്ടുണ്ട്.




