സഊദിയിൽ 21 വയസ്സിൽ കുറവ് പ്രായമുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിന് വിലക്ക്

0
974

റിയാദ്: 21 വയസ്സിൽ കുറവ് പ്രായമുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് വിലക്കി
സഊദി ശൂറാ കൗൺസിൽ. നിലവിൽ 18 വയസ്സിൽ കുറവ് പ്രായമുള്ളവർക്ക് സിഗരറ്റ് വിൽപനക്കാണ് വിലക്കുണ്ടായിരുന്നത്.

പുകവലിക്ക് വിലക്കുള്ള സ്ഥലങ്ങളിൽ പുകവലിക്ക് പ്രത്യേക സ്ഥലം സജ്ജീകരിക്കുന്ന പക്ഷം അത്തരം ഇടങ്ങളിലേക്ക് 21 ൽ കുറവ് പ്രായമുള്ളവർക്ക് പ്രവേശനവും പാടില്ല.
സ്‌കൂളുകളും ബാങ്കുകളും ഹോട്ടലുകളുമടക്കം ചുറ്റുവട്ടത്ത് പുകവലിക്കുന്നത് നിയമത്തിലെ ഏഴാം വകുപ്പ് കർശനമായി വിലക്കുന്നു. 
ബന്ധപ്പെട്ട നിയമാവലി നിർണയിക്കുന്നതു പ്രകാരമുള്ള എണ്ണവും അളവും അടങ്ങിയ അടച്ച പാക്കറ്റുകളിൽ മാത്രമേ സിഗരറ്റും പുകയില ഉൽപന്നങ്ങളും വിൽക്കാൻ പാടുള്ളൂ എന്ന് പുകവലി വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പ് അനുശാസിക്കുന്നുണ്ട്.

പള്ളികൾക്കും മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും പൊതുസ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ, ആരോഗ്യ, സ്‌പോർട്‌സ്, സാംസ്‌കാരിക, സാമൂഹിക സ്ഥാപനങ്ങൾക്കു ചുറ്റുമുള്ള സ്ഥലങ്ങളിലും പുകവലിക്കുന്നത് നിയമത്തിലെ ഏഴാം വകുപ്പ് വിലക്കുന്നു. 
കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ഫാക്ടറികളിലെയും ബാങ്കുകളിലെയും ജോലി സ്ഥലങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, ഭക്ഷണ, പാനീയങ്ങൾ തയാറാക്കുന്ന സ്ഥലങ്ങൾ, പെട്രോളും പെട്രോളിയം ഉൽപന്നങ്ങളും തയാറാക്കുകയും പാക്ക് ചെയ്യുകയും നീക്കം ചെയ്യുകയും വിതരണം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ, പെട്രോൾ ബങ്കുകൾ, ഗ്യാസ് വിതരണ കേന്ദ്രങ്ങൾ, ലിഫ്റ്റുകൾ, ടോയ്‌ലെറ്റുകൾ, വെയർ ഹൗസുകൾ എന്നിവിടങ്ങളിലും പുകവലിക്കുന്നത് പുതിയ നിയമം വിലക്കുന്നു.