ജിദ്ദ: സഊദി ദേശീയ ദിനം പ്രമാണിച്ച് എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള സിയാറ & ടൂർ വിംഗിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തകർക്കായി സൗജന്യ ഉംറ ഗ്രൂപ്പ് സംഘടിപ്പിക്കുന്നു. എസ് ഐ സി ജിദ്ദ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചരിത്ര പ്രധാന സ്ഥലങ്ങളിൽ സന്ദർശനം ഉൾപ്പെടുത്തി ഉംറയും മദീന സിയാറയും വരാന്ത്യങ്ങളിൽ സംഘടിപ്പിച്ചു വരുന്നുണ്ട്.
എന്നാൽ കുറഞ്ഞ വരുമാനക്കാരായ പ്രവർത്തകർക്ക് വേണ്ടിയാണ് സഊദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 29 വ്യാഴാഴ്ച രാത്രി സൗജന്യ ഉംറ ഗ്രൂപ്പ് സംഘടിപ്പിക്കുന്നത്. താല്പര്യം ഉള്ള പ്രവർത്തകർ അതാത് ഏരിയകളിലെ എസ് ഐ സി കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് എസ് ഐ സി സിയാറ വിംഗ് ഭാരവാഹികളായ സൽമാൻ ദാരിമി, മുഹമ്മദ് ഫിറോസ് കൊളത്തൂർ എന്നിവർ അറിയിച്ചു.
സഊദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എസ് ഐ സി ടൂർ വിങ്ങിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23-നു വിനോദ സഞ്ചാര കേന്ദ്രങ്ങളായ തായിഫ്, അൽ ബഹ എന്നിവിടങ്ങളിലേക്ക് ചരിത്ര – പഠന യാത്രയും സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എസ് ഐ സി ടൂർ വിംഗുമായി ബന്ധപ്പെടണമെന്ന് കൺവീനർ മുസ്തഫ പട്ടാമ്പി അറിയിച്ചു.




