കിരീടാവകാശിയുമായുള്ള ബൈഡന്റെ കൂടിക്കാഴ്ച്ച നീണ്ടത് മൂന്ന് മണിക്കൂർ, ഖഷോഗി വധത്തിൽ സഊദി അറേബ്യ എല്ലാ നടപടികളും സ്വീകരിച്ചു, സമാനമായ സംഭവങ്ങളിൽ അമേരിക്ക എന്ത് ചെയ്‌തുവെന്നും കിരീടാവകാശി ബൈഡനോട്

ബഹിരാകാശം, നിക്ഷേപം, ഊർജം, വാർത്താവിനിമയം, ആരോഗ്യം എന്നിവ ഉൾപ്പെടുന്ന 18 കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വെച്ചു.

0
2253

ജിദ്ദ: ഏറെ വിവാദമായ ജമാൽ ഖഷോഗിക്ക് സംഭവിച്ചത് ഖേദകരമാണെന്ന് സഊദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. സഊദി തുറമുഖ നഗരമായ ജിദ്ദയിൽ വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അമേരിക്കൻ പ്രസിഡന്റ് ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച ഒന്നര മണിക്കൂറാണ് ഷെഡ്യൂൾ ചെയ്തിരുന്നതെന്നും എന്നാൽ മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുകയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തതായി സന്നിഹിതരായ ഒരു മുതിർന്ന സഊദി ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. സഊദിയിലെ അൽ അറബിയ ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഖഷോഗി കേസിൽ അന്വേഷണം, വിചാരണ, ശിക്ഷാവിധി, ശിക്ഷ നടപ്പാക്കൽ തുടങ്ങി എല്ലാ നിയമ നടപടികളും സഊദി അറേബ്യ ഏറ്റെടുത്തിട്ടുണ്ടെന്ന് കിരീടാവകാശി പറഞ്ഞു. ഭാവിയിൽ ഏതു ഘട്ടത്തിലും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിക്രമങ്ങളും രാജ്യം ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് എവിടെയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാമെന്നും അതേ വർഷം തന്നെ മറ്റ് സ്ഥലങ്ങളിൽ മറ്റ് മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും യോഗത്തിൽ കിരീടാവകാശി ചൂണ്ടിക്കാട്ടി.

ഇറാഖിലെ അബു ഗുറൈബിനെയും മറ്റുള്ളവരെയും ഉദാഹരണമായി ഉദ്ധരിച്ച് യുഎസും തെറ്റുകൾ വരുത്തിയതായി അദ്ദേഹം പരാമർശിച്ചു. ഈ തെറ്റുകൾ രാജ്യങ്ങൾ കൈകാര്യം ചെയ്യണമെന്നും അവ വീണ്ടും സംഭവിക്കുന്നത് തടയുന്ന നടപടിക്രമങ്ങൾ നടപ്പാക്കണമെന്നും മുഹമ്മദ് രാജകുമാരൻ പറഞ്ഞു.

ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ, യുഎസ് മാധ്യമപ്രവർത്തക ഷിറിൻ അബു അഖലെയുടെ കൊലപാതകവും പരാമർശിച്ച്, യുഎസും മറ്റ് രാജ്യങ്ങളും ഇക്കാര്യത്തിൽ എന്താണ് ചെയ്തതെന്ന് മുഹമ്മദ് രാജകുമാരൻ ചോദിച്ചുവെന്നും സഊദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ബഹിരാകാശം, നിക്ഷേപം, ഊർജം, വാർത്താവിനിമയം, ആരോഗ്യം എന്നിവ ഉൾപ്പെടുന്ന 18 കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വെച്ചു.