അബഹ നാടുകടത്തൽകേന്ദ്രത്തിൽ നിന്നും മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യക്കാർക്ക് മോചനം, നാട്ടിലേക്ക് തിരിച്ചു

0
2613

റിയാദ്: അബഹ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിഞ്ഞിരുന്നവരിൽ 24 ഇന്ത്യാക്കാർക്ക് മോചനം. വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെട്ട് നാട് കടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന ഇവർ നാട്ടിലേക്ക് തിരിച്ചു. അസീർ റീജനിലെ വിവിധ ജയിലുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്നും നാടുകടത്തൽകേന്ദ്രത്തിൽ എത്തിയ 52 ഇന്ത്യക്കാരിൽ പാസ്പോർട്ട് കൈവശമുള്ള 24 പേർക്കാണ് ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുങ്ങിയത്.

24 പേരിൽ പൂരിഭക്ഷം പേരും നാലുമാസത്തിലേറെയായി ബിഷ ജവാസത്ത് (പാസ്പോർട്ട് ഡയറക്ടറേറ്റ്) ജയിലിൽ കഴിഞ്ഞവരാണ്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ നിർദേശത്തെ തുടർന്ന് ബീഷയിൽനിന്നും അബഹയിൽ എത്തിച്ച് സഊദി എയർലൈൻസ് അബഹ ഓഫീസിന്റെ സഹകരണത്തോടെയാണ് ജിദ്ദ വഴി ഡൽഹിക്ക് യാത്രാസൗകര്യം ഒരുക്കിയത്.

മലയാളികളെ കൂടാതെ യു.പി., പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് യാത്ര തിരിച്ച സംഘത്തിലുള്ളത്. 52 പേരിൽ ബാക്കിയുള്ള ഇന്ത്യക്കാരെ പെരുന്നാൾ അവധി കഴിഞ്ഞ് നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

സാധാരണഗതിയിൽ അബഹയിൽനിന്നും ജിദ്ദ ശുമൈസി നാടുകടത്തൽ കേന്ദ്രത്തിൽ എത്തിച്ച് അവിടെനിന്നും യാത്രാരേഖകൾ ശരിയാക്കിയാണ് നാട്ടിലേക്ക് അയക്കാറുള്ളത്. അതുമൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ ഇന്ത്യൻ കോൺസുലേറ്റിന്റേയും അബഹ ജവാസത്ത് നാടുകടത്തൽ കേന്ദ്രം മേധാവി കേണൽ മുഹമ്മദ് മാന അൽഖഹ്താനിയുടേയും സഹപ്രവർത്തകരായ കേണൽ സാലിം ഖഹ്താനി, ജയിൽ മേധാവി മുഹമ്മദ് ഖാസിം ബിഷിരി, കൗൺസുലേറ്റ് വെൽഫെയർ കമ്മിറ്റി പ്രതിനിധി അഷ്റഫ് കുറ്റിച്ചൽ, സാമൂഹികപ്രവർത്തകരായ പൈലി ജോസ്, അൻസാരി എന്നിവരുടെ ഇടപെടലാണ് സഹായിച്ചത്.