ഹൗസ് ഡ്രൈവർമാർ അടക്കം ഗാർഹിക തൊഴിലാളികൾക്ക് നാളെ മുതൽ ലെവി

0
14600

റിയാദ്: സഊദിയിൽ ഗാർഹിക തൊഴിലാളികൾക്കും ഏർപ്പെടുത്തിയ ലെവി നാളെ മുതൽ ഈടാക്കി തുടങ്ങും. സഊദി പൗരന്മാർക്ക് കീഴിൽ നാലിലധികം ഗാർഹിക തൊഴിലാളികളുണ്ടെങ്കിൽ ലെവി ഏർപ്പെടുത്താൻ കഴിഞ്ഞ മാർച്ചിലാണ് മന്ത്രി സഭാ യോഗം തീരുമാനിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി പൗരന്മാരുടെ കീഴിൽ നാലിലധികം ഗാർഹിക തൊഴിലാളികൾ ഉണ്ടെങ്കിലും വിദേശിയുടെ കീഴിൽ രണ്ടിലധികം ഗാർഹിക തൊഴിലാളികൾ ഉണ്ടെങ്കിലും ലെവി നിർബന്ധമാകും.

അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ ഉള്ള ഓരോ അധിക തൊഴിലാളിക്കും പ്രതിവർഷം 9,600 റിയാൽ തുകയാണ് നൽകേണ്ടത്.

രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പുതുതായി വരുന്ന ഗാർഹിക തൊഴിലാളികൾക്ക് ആണ് നാളെ മുതൽ ആരംഭിക്കുക. നിലവിലുള്ള ഗാർഹിക തൊഴിലാളികൾക്കുള്ള ലെവി അടുത്ത ഹിജ്‌റ വർഷത്തിലെ ശവ്വാലിൽ നടപ്പാക്കുന്ന രണ്ടാം ഘട്ടത്തിലായിരിക്കും പ്രാബല്യത്തിൽ വരുക. ഇതോടെ, അടുത്ത വര്‍ഷം മുതല്‍ നാലിലധികം വരുന്ന എല്ലാവര്‍ക്കും വിദേശികളുടെ കീഴില്‍ രണ്ടിലധികം വരുന്നവര്‍ക്കും ലെവിയുണ്ടാകും.

അതേസമയം, മെഡിക്കൽ പരിചരണ കേസുകൾ, പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്കുള്ള പരിചരണ കേസുകൾ എന്നിവക്ക് ഇതിൽ നിന്ന് ഇളവുകൾ നൽകും. എന്നാൽ, അതിനായി രൂപീകരിച്ച സമിതി അംഗീകാരത്തിനു ശേഷമായിരിക്കും ഇളവ്.

രാജ്യത്ത് 2014 മുതലാണ് വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കി തുടങ്ങിയത്. തുടക്കത്തിൽ പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിന് 2,400 റിയാലാണ് ലെവി ഇനത്തിൽ അടക്കേണ്ടിയിരുത്. തുടർന്ന് വർഷം തോറും ഘട്ടം ഘട്ടമായി ഉയർത്തി ഒടുവിൽ 2020 ൽ 800 റിയാൽ തോതിൽ വർഷം 9,600 റിയാൽ ആണ് ഇപ്പോൾ ഓരോ വിദേശ തൊഴിലാളിയും അടക്കേണ്ടത്. സ്ഥാപനങ്ങളിൽ നിശ്ചിത ശതമാനം സഊദികൾ ഉണ്ടെങ്കിൽ മാസ ലെവി സംഖ്യയിൽ 100 റിയാൽ ഇളവുണ്ട്. തൊഴിലാളികളുടെ ലെവി സ്പോൺസർമാരുടെ ഉത്തരവാദിത്വമാണ്.

2017 ജൂലൈ മുതൽ ആശ്രിത ലെവിയും നിലവിൽ വന്നു. ആശ്രിതരിൽ ഒരാൾക്ക് മാസത്തിൽ 100 റിയാൽ തോതിലാണ് തുടക്കത്തിൽ ലെവി നൽകേണ്ടിയിരുന്നത്. തുടർന്ന് വർഷം തോറും ഘട്ടം ഘട്ടമായി വർധിപ്പിച്ചു 2020 ജൂലൈ മുതൽ മാസം തോറും 400 റിയാൽ എന്ന തോതിൽ ആണ് ആശ്രിതരിൽ ഓരോത്തർക്കുമായി ആശ്രിത ലെവി അടക്കേണ്ടത്.

സഊദിയിൽ ഗാർഹിക തൊഴിലാളികൾക്കും ലെവി ഏർപ്പെടുത്തി