ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബുകാർക്കും എക്സിറ്റ് നടപടി ലളിതമാക്കി

0
6067

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകനും ജുബൈൽ ലേബർ കോടതിയും ജവാസാത്തും സന്ദർശിച്ചു

ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിലെ ഇന്ത്യൻ സമൂഹത്തിൽ തൊഴിൽപരമായും ഇഖാമ കാലാവധി കഴിഞ്ഞും ഹുറുബിലകപ്പെട്ടും നാട്ടിൽ പോവാൻ കഴിയാതെ പ്രയാസമനുഭവിക്കുന്നവർക്ക് ഫൈനൽ ഏക്സിറ്റ് ലഭിക്കാനായി സംവിധാനം. ജുബൈൽ ലേബർ ഓഫീസ് മുദീറും ജവാസാത്ത് മേധാവിയുമായി എംബസി ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകനും പ്രത്യേകം നടത്തിയ കൂടിക്കാഴ്ചയിലാണ് ചില മാറ്റങ്ങൾക്ക് ധാരണയായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാധാരണ രീതിയിൽ ഇഖാമ കാലാവധി കഴിഞ്ഞ ഫൈനൽ ഏക്സിറ്റ് ലഭിക്കേണ്ടുന്ന എല്ലാവരും നേരിട്ട് ലേബർ ഓഫീസിൽ ഹാജരായി ഒപ്പും കൈയൊപ്പും കൊടുക്കേണ്ടുന്ന അവസ്ഥയായിരുന്നു. കൂടാതെ ജുബൈലിലെ ഇഖാമയിൽ സ്പോൺസറും ജുബൈലിലാണെങ്കിലും സഊദിയിലെ ദൂരദിക്കുകളിൽ ജോലി ചെയ്യുന്നവർക്കും കാലാവധി കഴിഞ്ഞ ഇഖാമയുമായി നേരിട്ട് എത്തിപ്പെടാൻ പ്രയാസമുണ്ടാക്കുന്നുണ്ട്. ഇക്കാര്യം ജുബൈൽ ലേബർ ഓഫീസ് ജനറൽ മാനേജർ മുത്ത്ലക്ക് ദാഹം അൽ ഖഹ്ത്താനിയുടെ നേതൃത്വത്തിൽ മറ്റു ലേബർ ഓഫീസർമാരുമായുള്ള കൂടിക്കാഴ്ചയിൽ അവരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ദൂരദിക്കിലുള്ളവർക്കും രോഗകാരണത്താൽ ഹാജരാവാൻ കഴിയാത്തവർക്കും എംബസിയുടെ ഉത്തരവാദിത്വത്തിൽ ഇളവനുവദിച്ചു.

രോഗാവസ്ഥയിൽ നേരിട്ട് ഹാജരാവാൻ കഴിയാത്തവരെ എംബസി ഉദ്യോഗസ്ഥനോ സാമൂഹ്യ പ്രവർത്തകനോ നേരിൽ സന്ദർശിച്ച് രേഖകൾ തയാറാക്കി മെഡിക്കൽ റിപ്പോർട്ടും എംബസിയുടെ ലെറ്റർ അടക്കം ലേബർ ഓഫീസിൽ അവർ നേരിട്ട് വരാതെ തന്നെ അപേക്ഷ സമർപ്പിക്കുന്ന വിധം ധാരണയായത് അത്തരക്കാർക്ക് ആശ്വാസകരമായി. എന്നാൽ വിദൂരങ്ങളിൽ ജോലി ചെയ്യുന്നവർ റിയാദ് ഇന്ത്യൻ എംബസിയിൽ നേരിട്ട് ചെന്ന് അപേക്ഷാ ഫോറത്തിൽ വിരലടയാളവും കൈയൊപ്പും നൽകണം.

അനന്തരനടപടികൾ എംബസി പൂർത്തീകരിക്കുന്നതാണ്. ഇത്തരക്കാർ ഇന്ത്യൻ എംബസിയുടെ https:// www.eoiriyadh.gov.in എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്ത് റജിസ്റ്റർ നമ്പർ കരസ്ഥമാക്കിയിരിക്കണം . നിലവിലെ അവസ്ഥയിൽ കാലാവധി കഴിഞ്ഞ ഇക്കാമയുള്ളവർക്ക് ഫൈനൽ ഏക്സിറ്റ് ലഭിക്കാൻ ലേബർ ഓഫീസിൽ നിന്നും ഫയൽ നമ്പർ ലഭിച്ച ശേഷം നേരിട്ട് ജവാസാത്തിൽ പോവേണ്ടിയിരുന്നു. ഇത് പലർക്കും വ്യത്യസ്ത രീതിയിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി ജവാസാത്ത് മുദീറിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അപേക്ഷകൾ സമാഹരിച്ച് സാമൂഹ്യ പ്രവർത്തകൻ വഴി ഒരുമിച്ച് ഏൽപിച്ചാൽ ഫൈനൽ ഏക്സിറ്റ് നൽകാമെന്ന് ജവാസാത്ത് മേധാവി സൻഹാത്ത് മുഹമ്മദ് അസ്ഹലി സമ്മദിച്ചതും വലിയൊരാശ്വാസമായി.

ഹുറൂബിലകപ്പെട്ട ജുബൈലിലെ ഇന്ത്യക്കാർ ഏക്സിറ്റ് ലഭിക്കാനായി സൈഫുദ്ദീൻ പൊറ്റശ്ശേരിയുമായി ബന്ധപ്പെടാവുന്നതാണ്
ആവശ്യങ്ങളുമായി ലേബർ ഓഫീസിനെ സമീപിക്കുമ്പോൾ സുദാര്യമായും എളുപ്പത്തിലും നടപടികൾ പൂർത്തീകരിച്ച് നൽകുന്ന ലേബർ ഓഫീസിന്റെ ഔദാര്യതയെ എംബസി ഓഫീസർ അഭിനന്ദിക്കുകയും എംബസിയുടെയും അവസരോചിതമായ സഹകരണങ്ങൾക്ക് ലേബർ ഓഫീസ് ജനറൽ മാനേജർ നന്ദിയും അറിയിച്ചു. എംബസിയുടെ സാമൂഹ്യ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ ആത്മാർത്ഥമായ മികച്ച സേവനങ്ങളെക്കുറിച്ച് ലേബർ ഓഫീസറും ജവാസാത്ത് മുദീറും എംബസി ഉദ്യോഗസ്ഥന്മാരും ഒരുപോലെ അഭിനന്ദിച്ചു.

എംബസി ഓഫീസർ ലേബർ അറ്റാഷേ ശ്യാം സുന്ദർ കമ്യൂണിറ്റി വെൽഫെയർ ലേബർസെക് ഷൻ വിഭാഗം ഉദ്യോഗസ്ഥൻ ആശിഖ് തലയൻ കണ്ടിയും എംബസി സാമൂഹ്യ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിയും ലേബർ ഓഫീസിലും ജവാസാത്തിലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇടക്കിടെയുള്ള ഇന്ത്യൻ എംബസിയുടെ ഇത്തരം കൂടിക്കാഴ്ചകൾ പ്രവാസികൾക്ക് ആശ്വാസം ലഭിക്കാറുണ്ട് എന്നത് അഭിനന്ദനാർഹമാണ്.