ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി നിരവധി ചരിത്ര പ്രധാന സ്ഥലങ്ങളുള്ള ജോർദാനിലേക്ക് ചരിത്ര- പഠന യാത്ര സംഘടിപ്പിക്കുന്നു. മെയ് 2 തിങ്കളാഴ്ച ഉച്ചക്ക് ജിദ്ദയിൽ നിന്നും പുറപ്പെടുന്ന സംഘം മെയ് 6 വെള്ളിയാഴ്ച രാത്രി ജിദ്ദയിൽ തിരിച്ചെത്തും.
ഖുർആനിൽ പരാമർശിച്ച ഗുഹ വാസികളുടെ ചരിത്ര ശേഷിപ്പുകൾ, മൗണ്ട് നെബോ, ഐൻ മൂസ, വാദി ശുഐബ്, ചാവുകടൽ ഉൾപ്പെടെ നിരവധി പൗരാണിക ചരിത്ര ശേഷിപ്പുകളും ചരിത്ര വിസ്മയങ്ങളും സന്ദർശിക്കും. ഇതോടൊപ്പം ലോകാത്ഭുതങ്ങളിൽ ഇടം നേടിയ പെട്ര, പുരാതന നഗരമായ ജെറാസ, സഹസ്രാബ്ദങ്ങളുടെ കഥ പറയുന്ന സാംസ്കാരിക ചിഹ്നങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളും സന്ദർശിക്കും.
പെരുന്നാൾ അവധി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പ്രവാസികൾ ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തണമെന്ന് ജിദ്ദ എസ് ഐ സി ടൂർ വിംഗ് ഭാരവാഹികളായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ, ഫത്താഹ് താനൂർ എന്നിവർ ആഭ്യർത്ഥിച്ചു.




