പാലക്കാട്: വെട്ടിക്കൊല്ലപ്പെട്ട ആർ.എസ്.എസ് നേതാവ് ശ്രീനിവാസന് പുറമേ ജില്ലയിൽ ഒരാൾക്ക് കൂടി വെട്ടേറ്റു. കൊടന്തറപ്പുള്ളിയിലാണ് വെട്ടേറ്റത്. പേര് വിവരങ്ങൾ ഉൾപ്പെടെ മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേരത്തെ നടന്ന സംഭവങ്ങളുമായി ബന്ധമില്ലെന്നുമാണ് പറയുന്നത്. മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ കുറച്ച് മുമ്പ് വെട്ടിക്കൊന്നിരുന്നു. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള കടയില്‍ കയറി വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

അതേസമയം, തുടർച്ചയായി രണ്ട് കൊലപാതകങ്ങൾ നടന്ന പാലക്കാട് സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കാൻ തീരുമാനായിട്ടുണ്ട്. എറണാകുളം റൂറലിൽ നിന്നുള്ള ഒരു ബറ്റാലിയൻ പുറപ്പെട്ടിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ നേരിട്ടെത്തിയാണ് പാലക്കാട്ടെ സുരക്ഷ ക്രമീകരണങ്ങൾ നടത്തുക. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പാലക്കാട്ട് ക്യാമ്പ് ചെയ്താണ് സുരക്ഷാ മേൽനോട്ടം വഹിക്കുക. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വിട്ടുകൊടുത്തു. വിലാപയാത്രയായാണ് സുബൈറിന്റെ മൃതദേഹം ഖബറടക്കത്തിനായി എലപ്പുള്ളിയിലേക്ക് കൊണ്ടുപോകുന്നത്. അവിടെ പൊതുദർശനവുമുണ്ടാകും.




