റിയാദ്: വിവിധ തരത്തിലുള്ള മയക്കുമരുന്ന് കടത്തിയ നിരവധി പേർ സഊദിയിൽ അറസ്റ്റിൽ. മയക്കുമരുന്ന് ഗുളികകൾ, ഹഷീഷ്, ഖാത്ത് തുടങ്ങിയ വിവിധ മയക്കുമരുന്ന് വസ്തുക്കൾ കടത്തിയ അമ്പത് പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തത്. 279,010 ആംഫെറ്റാമൈൻ ഗുളികകൾ, 330 കിലോഗ്രാം ഹാഷിഷ്, 934 കിലോ ഖാത്ത് എന്നിവ കടത്താനുള്ള ശ്രമങ്ങളാണ് തകർത്തതെന്ന് ബോർഡർ ഗാർഡ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളുടെ സുരക്ഷാ തുടർനടപടികളുടെ ഭാഗമായി ജസാൻ, നജ്‌റാൻ, അസീർ മേഖലകളിൽ നിന്നാണ് കര, കടൽ അതിർത്തികളിൽ നിന്ന് ഇവ പിടിച്ചെടുത്തതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്‌സിന്റെ ഔദ്യോഗിക വക്താവ് കേണൽ മിസ്ഫിർ അൽ-ഖരീനി പറഞ്ഞു.
പ്രതികളിൽ 27 പേർ സ്വദേശികളാണ്. 23 അതിർത്തി സുരക്ഷാ സംവിധാനം ലംഘിക്കുന്നവരുമാണ്. 10 എത്യോപ്യൻ പൗരന്മാർ, 6 ബംഗ്ലാദേശ് പൗരന്മാർ, 4 യെമൻ പൗരന്മാർ, 2 സോമാലിയൻ പൗരന്മാർ, 1 ഇന്ത്യൻ പൗരൻ എന്നിവരാണ് പിടികൂടിയ വിദേശികൾ.
പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിക്കുകയും പിടികൂടിയ വസ്തുക്കൾ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.




