അന്താരാഷ്ട്ര വോട്ടെടുപ്പിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

0
7406

റിയാദ്: ഏറ്റവും ജനപ്രീതിയാർജ്ജിച്ച നേതാവായി സഊദി കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബറിൽ ഓസ്‌ട്രേലിയൻ റിസർച്ച് സെന്റർ ലോവി ഇൻസ്റ്റിറ്റ്യൂട്ട് ഇന്തോനേഷ്യയിൽ നടത്തിയ സർവേയിലാണ് ലോക നേതാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നേതാവായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തിരഞ്ഞെടുക്കപ്പെട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓസ്‌ട്രേലിയൻ റിസർച്ച് സെന്ററിന്റെ വെബ്‌സൈറ്റിൽ ചൊവ്വാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്. വോട്ടെടുപ്പിന്റെ ഫലങ്ങൾ അനുസരിച്ച്, 257 ദശലക്ഷം ആളുകളുള്ള, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ രാജ്യമായ ഇന്തോനേഷ്യയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ജനപ്രീതി മറ്റു ലോക നേതാക്കളെക്കാൾ ഏറെ മുന്നിലാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവരുടെ ജനപ്രീതിയെ മറികടക്കുന്നതാണ് മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന്റെ മുന്നേറ്റം.


2003-ൽ സ്ഥാപിതമായതുമുതൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളെയും രാഷ്ട്രീയക്കാരെയും കുറിച്ചുള്ള അഭിപ്രായ വോട്ടെടുപ്പുകൾ നടത്തുന്ന ഒരു അന്തർദേശീയ മുഖമായ ഓസ്‌ട്രേലിയൻ റിസർച്ച് സെന്ററിന്റെ വോട്ടെടുപ്പ് പ്രകാരം ഇന്തോനേഷ്യയിൽ പ്രതികരിച്ചവരിൽ 57 ശതമാനം ആളുകളാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പിന്തുണച്ചത്. തൊട്ടുപിന്നിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആണ്. 52 ശതമാനം ആളുകളാണ് അബുദാബി കിരീടാവകാശിയെ പിന്തുണക്കുന്നത്.

2021 നവംബർ 29 നും ഡിസംബർ 24 നും ഇടയിൽ ഇൻഡോനീഷ്യയിലെ 33 പ്രവിശ്യകളിൽ നിന്നുള്ള 17 നും 65 നും ഇടയിൽ പ്രായമുള്ള 3,000 ഇന്തോനേഷ്യക്കാരാണ് ലോവി ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ പങ്കെടുത്തത്. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ നേതൃത്വത്തിൽ ആത്മവിശ്വാസമുണ്ടെന്നും സർവേയിൽ പങ്കെടുത്തവർ പറഞ്ഞു.

സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗും യുഎസ് പ്രസിഡന്റ് ജോ ബൈഡനും 44 ശതമാനവും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ 40 ശതമാനവുമാണ് ജനപ്രീതി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെയും ഉത്തരകൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്നിനെയും 34 ശതമാനം പേർ വിശ്വസിച്ചപ്പോൾ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ പ്രധാനമന്ത്രിക്കും 38 ശതമാനം പേർ മാത്രമാണ് വിശ്വാസമർപ്പിച്ചത്.

ഇതാദ്യമായല്ല കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഏറ്റവും ജനപ്രീതിയുള്ളവരും സ്വാധീനമുള്ളവരുമായ നേതാക്കളിൽ ആഗോളതലത്തിൽ ഒന്നാമതെത്തുന്നത്. 2017 ൽ അമേരിക്കൻ ടൈം മാഗസിൻ അദ്ദേഹത്തെ ഏറ്റവും സ്വാധീനമുള്ള ആഗോള വ്യക്തിയായി തിരഞ്ഞെടുത്തിരുന്നു. അതേ വർഷം തന്നെ ലോകത്തെ വ്യാപാര ഗതിയിൽ സ്വാധീനം ചെലുത്തിയ സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം, സാംസ്‌കാരികം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ 50 വ്യക്തികളിൽ നിന്ന് “ബ്ലൂംബെർഗ്” ഏജൻസിയും അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.

2018-ൽ, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും മറ്റുള്ളവരും ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വ്യക്തികളെ പിന്തള്ളി മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും 16 രാജ്യങ്ങളിലെ യുവതി യുവാക്കൾക്കിടയിൽ നടത്തിയ സർവേയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ തിരഞ്ഞെടുത്തിരുന്നു.

2018 ലെ “ASDA’A Burson-Marsteller” പത്താം വാർഷിക അറബ് യൂത്ത് സർവേയിലും കിരീടാവകാശി ശ്രദ്ധേയനായിരുന്നു. പരിഷ്‌കാരങ്ങൾ, അഴിമതിക്കെതിരായ പോരാട്ടം, സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുവദിക്കൽ, മേഖലയിലെ സമ്പദ്‌വ്യവസ്ഥ, സമൂഹം, സുരക്ഷ എന്നിവ പരിഷ്‌കരിക്കുന്നതിന് അദ്ദേഹം കൈകൊണ്ട നിരവധി നടപടികളാണ് ഈ നേട്ടത്തിന് പിന്നിൽ.

റഷ്യൻ വെബ്‌സൈറ്റ് RT നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് 2021 ലെ ഏറ്റവും പ്രമുഖ അറബ് വ്യക്തിത്വത്തിനുള്ള പദവിയും ലഭിച്ചു. അതേ വർഷം തന്നെ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് കിരീടാവകാശിക്ക് 2021-ലെ “വികസന ഷീൽഡ്” നൽകി ആദരിക്കുകയും ചെയ്തിരുന്നു.