മുംബൈ: സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് ഇനി കൂടുതൽ സമയം എടുക്കുമെന്ന് ട്രാവൽസ് ഏജന്റുമാർ അറിയിച്ചു. സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് ഏറെക്കുറെ നടന്നുവരുന്ന മുബൈയിലെ സഊദി കോൺസുലേറ്റിന്റെ പുതിയ തീരുമാനമാണ് ഇതിനു കാരണം. ഏപ്രിൽ നാല് മുതലാണ് പുതിയ നിയന്ത്രണം നിലവിൽ വരികയെന്ന് മുബൈയിലെ സഊദി റോയൽ കോൺസുലേറ്റ് സർക്കുലറിൽ അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേരത്തെ ഉണ്ടായിരുന്ന ഏജന്റുമാരുടെ പാസ്സ്പോർട്ട് സബ്‌മിറ്റ് എണ്ണം വെട്ടികുറച്ചതോടെയാണ് വിസ സ്റ്റാമ്പിങ് സമയം കൂടുതലായി എടുക്കാൻ കാരണം. നേരത്തെ ഓരോ ഏജന്റ്റിനും ആഴ്ചയിൽ അമ്പത് പാസ്സ്പോർട്ട് വീതം സ്റ്റാമ്പിങ്ങിനായി കോൺസുലെറ്റിൽ നൽകാമായിരുന്നു. എന്നാൽ, ഇത് ഇപ്പോൾ നാൽപത് ആയാണ് കുറച്ചിരിക്കുന്നത്. റമദാൻ സമയ ക്രമീകരണം മൂലമാണ് തീരുമാനമെന്നാണ് അറിയുന്നത്.

ഓരോ ഏജന്റ്റിനും ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് വിസ സ്റ്റാമ്പിങ്ങിന് പാസ്സ്പോർട്ട് സമർപ്പിക്കാൻ അനുവാദമുള്ളൂ. അതിലെ എണ്ണം തന്നെ വെട്ടിക്കുറച്ചതോടെ നിലവിൽ ഫാമിലി വിസിറ്റ് വിസയടക്കം സ്റ്റാമ്പിങ് പൂർത്തിയായി പാസ്സ്പോർട്ട് തിരികെ ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടി വരും.
നിലവിൽ, വെക്കേഷൻ സമയം ആയതിനാൽ നിരവധി കുടുംബങ്ങളാണ് സഊദിയിലേക്ക് സന്ദർശക വിസകളിൽ വരാനായി കാത്തിരിക്കുന്നത്. ഇവർക്കെല്ലാം ഈ കാലതാമസം മൂലം യാത്ര നീണ്ടു പോയേക്കും. ഇതൊടാനുബന്ധിച്ച് തന്നെ സീസൺ ആയതോടെ ടിക്കറ്റ് നിരക്കും ഉയരുമെന്ന് ട്രാവൽസ് മേഖലകളിൽ ഉള്ളവർ പറയുന്നു.




